സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു.

മൈസുരുവില്‍ നിന്ന് ഇന്നലെയാണ് ജല വിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജല വിമാനമാണിത്. സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കേരളത്തിലെത്തിയത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമ ഘട്ടത്തിന്റെയും ആകാശ കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.

എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജല വിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ ഡാമുകള്‍, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാന താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.