ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും രോഗം മൂർച്ഛിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പ്രായമായവർക്ക് ജീവിതം അവസാനിപ്പിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള അസിസ്റ്റഡ് ഡൈയിങ്ങ് നിയമാനുസൃതമാക്കാൻ പുതിയ ബിൽ മുന്നോട്ടു വെച്ചിരിക്കുകയാണ്. ലേബർ പാർട്ടി എം പി കിം ലീഡ്‌ബീറ്ററാണ് ബിൽ മുന്നോട്ട് വച്ചിരിക്കുന്നത്. ലോകത്തെവിടെയും ഇല്ലാത്ത കർശനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ ബില്ലിൽ, മരണം തെരഞ്ഞെടുക്കുന്നയാൾ യോഗ്യനാണെന്നും സ്വമേധയാ തീരുമാനമെടുത്തതാണെന്നും രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ബിൽ പ്രകാരം, രോഗിയുടെ അഭ്യർത്ഥന ഒരു ഹൈക്കോടതി ജഡ്ജിയും അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ അസിസ്റ്റഡ് ഡൈയിങ്ങിനെ എതിർക്കുന്നവർ, ഇത്തരം നിയമനിർമ്മാണം തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാൻ ആളുകൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. ഈ മാസം 29ന് ആണ് ബില്ലിനെ സംബന്ധിച്ച് പ്രാരംഭ ചർച്ചകളും, വോട്ടെടുപ്പും ഉണ്ടാവുക.

2015ന് ശേഷം ആദ്യമായാണ് അസിസ്റ്റഡ് ഡൈയിംഗ് വിഷയത്തിൽ ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്യുന്നത്. ബിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ പാസാകുകയാണെങ്കിൽ, പിന്നീട് എംപിമാർ ബില്ലിനെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരം സൂക്ഷ്മ പരിശോധനയ്ക്കിടയിൽ ബില്ലിൽ ഭേദഗതികളും ഉണ്ടാവും. പിന്നീട് പ്രസിദ്ധീകരിക്കുന്ന അന്തിമ പതിപ്പ് നിയമമായി മാറുവാൻ ഹൗസ് ഓഫ് കോമൺസിന്റെയും ലോർഡ്സിന്റെയും അംഗീകാരം ആവശ്യമാണ്. സർക്കാർ ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എംപിമാർക്ക് ഈ വിഷയത്തിൽ സ്വതന്ത്രമായി അവരുടെ താത്പര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യാം എന്നാണ് ലേബർ പാർട്ടിയുടെ നിലപാട്.

ഇംഗ്ലണ്ടിലും വെയിൽസിലും നിർദ്ദേശിച്ചിരിക്കുന്ന ബില്ലിൽ അസിസ്റ്റഡ് ഡൈയിംഗിന് അപേക്ഷിക്കുന്നവർ 18 വയസ്സിന് മുകളിലുള്ളവരും ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരും കുറഞ്ഞത് 12 മാസത്തേക്ക് ഒരു ജിപിയിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസിക ശേഷി ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. അപേക്ഷിച്ചതിനുശേഷം പിന്നീട് തീരുമാനം മാറ്റാനുള്ള അനുവാദവും രോഗിക്ക് ഉണ്ടായിരിക്കും. രോഗികളെ നിർബന്ധിച്ച് ഇത്തരത്തിലുള്ള പ്രക്രിയകൾക്ക് വിധേയമാക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ബില്ലിൽ പരാമർശിക്കുന്നു. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കുക. മുന്നോട്ടുവച്ചിരിക്കുന്ന ഈ ബില്ല് നിയമമായി മാറുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.