ബിനോയ് എം. ജെ.
മനോസംഘർഷങ്ങൾ (conflicts) മന:ശ്ശാസ്ത്രത്തിന്റെ ഒരു പ്രധാന പഠനവിഷയമാണ്. മനോസംഘർഷത്തിൽ നിന്നും മാനസിക അസ്വസ്ഥതകളും, രോഗങ്ങളും, എല്ലാ തരത്തിലുമുള്ള ദുഃഖങ്ങളും ഉണ്ടാകുന്നു. മനോസംഘർഷം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മനോസംഘർഷങ്ങൾ എവിടെ നിന്നും വരുന്നു? അതിന്റെ കാരണവും പരിഹാരവും എന്താണ്? സാർവ്വലൗകീകമായ ഈ പ്രതിഭാസത്തിന് ഒരു പരിഹാരം നിർദ്ദേശിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. അത് മാനവരാശിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലും, സംസ്കാരത്തിൽ ഒരു പുത്തൻ സൂര്യോദയവും ആയിരിക്കും. ഈ പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്ന പല കണ്ടെത്തലുകളും ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരത്തിന്റെ അഭാവത്തിൽ മാനസിക അസ്വസ്ഥതകളും ജീവിത പ്രശ്നങ്ങൾ പൊതുവെയും ഇന്നും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് എല്ലാ ജീവിതപ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ ഒരു പരിഹാരമാണ്. ഭാരതീയ സംസ്കാരം ഈയൊരാശയത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികം ആർക്കും അറിവുള്ള കാര്യമല്ല. അവയാകട്ടെ പാശ്ചാത്യ മനസ്സിന് ഗ്രഹിക്കുവാൻ ആവാത്തവിധം ആത്രമാത്രം സങ്കീർണ്ണവും ആഴവും ഉള്ളതാണ്. സൂര്യനെ എത്ര നാൾ കൈപത്തികൊണ്ട് മറച്ചു പിടിക്കുവാനാകും? ഈ ആശയങ്ങൾ കാലാകാലങ്ങളിൽ പ്രകാശിക്കുകയും ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഗംഭീരമായ പുരോഗതികൾ കൊണ്ടുവരികയും ചെയ്യും.
മനോസംഘർഷങ്ങൾ എല്ലാവർക്കും തന്നെ ഉള്ളതിനാൽ അവയുടെയെല്ലാം പിറകിൽ അടിസ്ഥാനപരമായ ഒരു കാരണവും ഉണ്ടാവണം. മനുഷ്യൻ എപ്പോഴും സ്വന്തം ശരീരവുമായും മനസ്സുമായും താദാത്മ്യപ്പെടുവാൻ ശ്രമിക്കുന്നു. ‘ഞാൻ ഈ കാണുന്ന ശരീരമാണ്’, ‘ഞാനീ കാണുന്ന വ്യക്തിയാണ്’ എന്നും മറ്റും അവൻ സദാ ചിന്തിക്കുന്നു. അതേ സമയം ഈ ചിന്ത അത്ര ശരിയല്ലെന്നും തനിക്ക് മരണമോ അവസാനമോ ഇല്ലെന്നും ഉള്ളിലുള്ള ആത്മാവ് സദാ മന്ത്രിക്കുന്നു. എന്നാൽ അവന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കുന്നില്ല. വാസ്തവത്തിൽ മനുഷ്യൻ ശരീരമനസ്സുകളാണോ? അതോ അതിലും ഉത്കൃഷ്ടമായ മറ്റെന്തെങ്കിലും ആണോ? അവൻ ശരീരമനസ്സുകളാണെങ്കിൽ തീർച്ചയായും മരിക്കും! ആ കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അപ്പോൾ തനിക്ക് മരണമില്ലെന്ന് ഉള്ളിൽ നിന്നും ഒരു സ്വരം സദാ മന്ത്രിക്കുന്നതെന്തുകൊണ്ട്? ഇതിനൊരു വിശദീകരണം കൊടുക്കുവാൻ ഭൗതികതയിലൂന്നിയ പാശ്ചാത്യ ശാസ്ത്രങ്ങൾക്ക് കഴിയുകയില്ല. പാശ്ചാത്യ ചിന്താപദ്ധതി നാശത്തിലേക്കേ നയിക്കൂ. കാരണം അവരുടെ അഭിപ്രായത്തിൽ എല്ലാം ജഡമാണ്. മനുഷ്യനെ ഇപ്രകാരം ജഡമായി ചിത്രീകരിക്കുന്നത് മനുഷ്യവംശത്തിന്റെ ഉന്മൂലനാശത്തിലേക്കേ നയിക്കൂ.
ഇവിടുത്തെ പ്രശ്നം താദാത്മീകരണത്തിന്റെ(identification) പ്രശ്നമാണ്. താൻ അല്ലാത്ത എന്തെങ്കിലുമായി മനുഷ്യൻ താദാത്മീകരിക്കുമ്പോൾ അവന്റെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്ന സദ്ഗുരുവിന്റെ ആശയം ഇവിടെ എടുത്ത് പറയേണ്ടതാണ്. വാസ്തവത്തിൽ മനുഷ്യൻ ശരീരമോ മനസ്സോ അല്ല. മറിച്ച് അവൻ അത്മാവോ, ഈശ്വരനോ, സമഷ്ടിയോ ആണ്. അവനൊരു വ്യക്തി ബോധത്തെ വളർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവനൊരു വ്യക്തിയല്ല. ഈ വ്യക്തിബോധവും സമഷ്ടി ബോധവും തമ്മിൽ സദാ സംഘർഷത്തിൽ വരുന്നു. ഇതാണ് എല്ലാ മനോസംഘർഷങ്ങളുടെയും അടിസ്ഥാനം. താൻ നശ്വരനാണെന്ന് മനസ്സ് പറയുമ്പോൾ അനശ്വരനാണെന്ന് ആത്മാവ് പറയുന്നു. താൻ മരിച്ചു പോകുമെന്ന് ചിന്തിക്കുന്ന മനുഷ്യൻ മിഥ്യയിലാണ് ജീവിക്കുന്നത്. പിന്നീട് അങ്ങോട്ടൊരു പൊരുതലാണ്. മരണത്തെ ജയിക്കുവാനുള്ള പൊരുതൽ. നിലനിൽപിനുവേണ്ടിയുള്ള പൊരുതൽ. മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതിണ്. ആഹാരം സമ്പാദിക്കുന്നതും, വീട് കെട്ടുന്നതും, സുഖഭോഗങ്ങളിൽ മുഴുകുന്നതും എല്ലാം ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി മാത്രം. ഇനി അൽപം കൂടി ഉയർന്ന പടിയിൽ ഉള്ളവർ മാനസികമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രയത്നിച്ചേക്കാം. അതിനപ്പുറത്തേക്ക് മനുഷ്യപ്രയത്നങ്ങൾ നീളുന്നില്ല. കാരണം അവൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ശരീരം വീഴും! അത് വീണേ തീരൂ. അതോടൊപ്പം മനസ്സും തിരോഭവിക്കും. എത്രയോ ഘോരമായ ഒരവസ്ഥയാണിത്? ഇതിൽ നിന്നും കരകയറുവാൻ മാർഗ്ഗമില്ലെന്ന് ഭൗതികവാദിയായ മനുഷ്യൻ മൂഢമായി വിചാരിക്കുന്നു. എന്നാൽ ഈ കാണുന്ന മരണം തന്റെ ആത്മസ്വരൂപത്തെ സ്പർശിക്കുകപോലും ചെയ്യുന്നില്ലെന്ന് അവൻ അറിയുന്നില്ല. കാരണം ഞാൻ എന്ന സത്തക്ക് ജനന മരണങ്ങൾ സംഭവിക്കുന്നില്ല. ഞാൻ അനാദിയും അനന്തവും ആകുന്നു! ഞാൻ ആ സർവ്വേശ്വരനിൽ നിന്നും ഒട്ടും തന്നെ ഭിന്നനല്ല. ക്ലേശങ്ങൾ എന്നെ ബാധിക്കുന്നുമില്ല! ഞാൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെടുന്നതുകൊണ്ടാണ് ജനനമരണങ്ങളും ക്ലേശങ്ങളും എന്നെ ബാധിക്കുന്നത്. ക്ലേശങ്ങളിൽ നിന്നെല്ലാം ഒരു മോചനവുമുണ്ട്.
ഞാൻ ഈശ്വരൻ ആണെന്നുള്ള ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അപ്രകാരം ഒരു ബോധ്യത്തിലേക്ക് വരുമ്പോൾ ഞാൻ സത്യത്തിൽ എന്താണോ അതായിത്തീരുന്നു. അവിടെ ആശയക്കുഴപ്പങ്ങളും മനോസംഘർഷങ്ങളും തിരോഭവിക്കുന്നു. ഒരുവൻ ഒരിക്കൽ ഈശ്വരനോട് ഇപ്രകാരം പ്രാർത്ഥിച്ചു “അങ്ങയെ കാണാതെ ഞാൻ മരിക്കുകയില്ല”. അപ്പോൾ ഈശ്വരൻ ഇപ്രകാരം മറുപടിപറഞ്ഞു “എന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ നീ മരിക്കില്ല”. അതെ! സ്വന്തം സത്തയെ കണ്ടെത്തുന്നവന് പിന്നെ മരണമില്ല. ഇത് മാത്രമാണ് അമർത്യതയിലേക്കും നിത്യജീവിതത്തിലേക്കും ഉള്ള വഴി. യേശു ദേവൻ പറയുന്നു “സത്യം അറിയുവിൻ; സത്യം നിങ്ങളെ സ്വതന്ത്രരാക്കും “. ഈ പ്രകൃതി തീർക്കുന്ന കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കണമെങ്കിൽ ഞാനാ പ്രകൃതിയുടെ ഭാഗമല്ലെന്ന സത്യം അറിയേണ്ടിയിരിക്കുന്നു. ഞാൻ ഒരിക്കലും ജഡമോ പ്രകൃതിയോ ആയിരുന്നില്ല. എന്നാൽ ഞാനവയാണെന്ന് ചിന്തിച്ചുതുടങ്ങിയാൽ അവയെന്നെ ബാധിക്കുവാനും തുടങ്ങുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply