ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ദി ലൈറ്റ് ഹൗസ് സ്കന്തോർപ്പിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ അഭിമാനർഹമായ നേട്ടം കൈവരിച്ചു. രാജീവ് ജോണിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ലൈറ്റ് ഹൗസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് കൈവരിച്ചത്. ബർമിംഗ്ഹാമിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായ രാജീവ് ജോൺ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭാവ മധുരമായ ഒരു കവിത പോലെ വിശ്വാസത്തെ പ്രഘോഷണം ചെയ്യുന്ന കലാസൃഷ്ടിയാണ് ദി ലൈറ്റ് ഹൗസ് എന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത് .

ഷീരാ രാജുവും രാജീവ് ജോണും ചേർന്നാണ് ലൈറ്റ് ഹൗസിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. എഡിറ്റിംഗ് ആദർശ് കുര്യന്‍ ആണ് നിർവഹിച്ചത്. ദി ലൈറ്റ് ഹൗസിന് പശ്ചാത്തല സംഗീതവും മെയ്സൺ മുരളിയുടെ വരികൾ ചിട്ടപ്പെടുത്തുകയും ചെയ്തത് ഗോപീകൃഷ്ണ പി ജെ ആണ്.

എല്ലാ മനുഷ്യരിലും നന്മയും പ്രകാശവും ഉണ്ടെന്ന മഹത്തായ സന്ദേശമാണ് ദി ലൈറ്റ് ഹൗസിലൂടെ പകർന്നു നൽകാൻ ലക്ഷ്യം വെച്ച സന്ദേശമെന്ന് ചിത്രത്തിൻറെ സംവിധായകൻ രാജീവ് ജോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവ് ജോൺ , എസ്തർ മേരി ജോൺ , അന്ന ജിമ്മി, ഷിയറ രാജു, രാജു ജേക്കബ്, ഷിജി പോൾ, ജോഹാൻ ജോർജ്ജ്, ജിബി ജോർജ്, അമേലിയ ബിനോയ്, ജോർജി സിജി, ഡിനോ ഡൈമി എന്നിവരാണ് ലൈറ്റ് ഹൗസിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ അണിയറ ശില്പുകൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി ബർമിംഗ്ഹാം സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയുടെ വികാരി ഫാ. ടെറിൻ മുല്ലക്കര പറഞ്ഞു.


ക്രിസ്ത്യൻ ഭക്തിഗാന മേഖലയിലെ സജീവ സാന്നിധ്യമായ ഫാ.ഷാജി തുമ്പേച്ചിറയിലിൻ്റെ സെലിബ്രൻ്റ്സ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ കൂടി ലൈറ്റ് ഹൗസ് റിലീസ് ചെയ്ത സന്തോഷത്തിലാണ് പ്രസ്തുത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ദി ലൈറ്റ് ഹൗസ് കാണാം.