ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ച് യുകെ ഹോം ഓഫീസ്. 2024 ഫെബ്രുവരി 20-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് ഫെബ്രുവരി 22 -ന് അവസാനിക്കും. 18-30 വയസ്സിനിടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതിൽ വിജയിക്കുന്നവർക്ക് 24 മാസം യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 2024 ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് 2024 ഫെബ്രുവരി 22-ന് 2.30-ന് അവസാനിക്കും. ബാച്ചിലേഴ്സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ പങ്കെടുക്കാം. ഇതോടൊപ്പം അപേക്ഷകർക്ക് ചുരുങ്ങിയത് 2,530 പൗണ്ടിൻറെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. കൂടാതെ ഇവർക്ക് 18 വയസ്സില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ ഉണ്ടായിരിക്കുകയുമരുത്.

ഈ വർഷം ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കായി 3000 സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഫെബ്രുവരിയിലെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും ബാക്കിയുള്ളവ ജൂലൈ മാസത്തെ നറുക്കെടുപ്പിലായിരിക്കും ഉണ്ടാവുക. നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് സൗജന്യമാണെങ്കിലും അപേക്ഷ പ്രക്രിയകൾക്കായി 298 പൗണ്ട് ചെലവ് വരും. ഫെബ്രുവരിയിലെ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഇനി വരുന്ന നറുക്കെടുപ്പുകളില്‍ അപേക്ഷിക്കാനാകും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 90 ദിവസത്തിനകം വിസക്കായി അപേക്ഷിക്കാം. വിസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജും നല്‍കണം. ഒപ്പം ബയോമെട്രിക്സ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. വിസയ്ക്ക് അപേക്ഷിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിലെത്തണം എന്ന നിബന്ധനയും ഉണ്ട്.

നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിജയികളെ ഈമെയില്‍ വഴി വിവരം അറിയിക്കും. പൗരത്വം തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖകള്‍, ചുരുങ്ങിയത് 2530 പൗണ്ട് സമ്പാദ്യമുണ്ട് എന്നതിന്റെ രേഖാമൂലമായ തെളിവ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷയരോഗ പരിശോധന ഫലം, ഇന്ത്യയില്‍ നിന്നുള്ള ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. യു കെ – ഇന്ത്യ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി 2021 -ല്‍ ആയിരുന്നു ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതി ആരംഭിച്ചത്.