ബിനോയ് എം. ജെ.

ഈശ്വരൻ അനന്തസത്തയാണ്. ശൂന്യാകാശ പേടകത്തിൽ കയറി ആയിരം കോടി പ്രകാശ വർഷങ്ങൾ സഞ്ചരിച്ചാലും ഈശ്വരന്റെ ഒരംശം പോലും താണ്ടുന്നില്ല. ഈശ്വരൻ മാത്രമാണ് അനന്തസത്ത. നാമീകാണുന്ന പ്രപഞ്ചവും, മറ്റു പ്രപഞ്ചങ്ങളും ഇവയെല്ലാം കൂടി ചേർന്നാലും (അവയോരോന്നും പരിമിതങ്ങളാണെന്നുള്ളതിന് വേറെ തെളിവു വേണ്ടല്ലോ) ഈ ഈശ്വരന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യജീവിതവും അനന്തമാണ്. കാരണം നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു. ഞാനും ആ അനന്തസത്തയാണ്. മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. മരണത്തിനപ്പുറം മറ്റൊരു പുനർജ്ജന്മം ഉണ്ട്. ഈ ജീവിതചക്രം ഒരിക്കലും അവസാനിക്കില്ലെന്ന് പലരും നിരാശയോടെ പറയാറുണ്ട്. ഇതെന്തിന് അവസാനിക്കണം? അനന്തമായി ജീവിക്കുക എന്നുള്ളത് ഒരു മഹാഭാഗ്യമല്ലേ? അത് തന്നെയല്ലേ നമ്മുടെ ആഗ്രഹവും ലക്ഷ്യവും? ഇനി മോക്ഷം സമ്പാദിച്ച് ഈശ്വരനിൽ ലയിച്ചാലും ആ ഈശ്വരനും അനന്തസത്ത തന്നെയല്ലേ? എങ്ങിനെ നോക്കിയാലും നമുക്ക് അവസാനമില്ല. അതു തന്നെയല്ലേ നമ്മുടെ അസ്ഥിത്വത്തിന്റെ ഭാവാത്മകതയും മധുരിമയും.

അതിനാൽ ഈ അനന്തതയുമായി മനസ്സിനെ പൊരുത്തപ്പെടുത്തികൊള്ളുക. പലപ്പോഴും നാം അനന്തതയുമായും പരിമിതിയുമായും മനസ്സിനെ കൂട്ടികുഴയ്ക്കാറുണ്ട്. അനന്തതയാണ് നമുക്കേറെ ഇഷ്ടം. എന്നാൽ നാം വ്യർത്ഥമായി പരിമിതികളെയും സ്നേഹിക്കുന്നു. ഉദാഹരണത്തിന് പഠനം കഴിഞ്ഞു ജോലി കിട്ടുമ്പോഴേക്കും, എല്ലാം തീർന്നു, ഇനി നന്നായി ഒന്ന് വിശ്രമിച്ചേക്കാം എന്ന് നാം ചിന്തിക്കുന്നു. അൽപസമയം വിശ്രമിച്ചു കഴിയുമ്പോഴേക്കും നമ്മുടെ തലക്ക് ഒരു പ്രഹരം കിട്ടുന്നു. നാം ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ പ്രകൃതി നമ്മോട് പറയുന്നു “ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടരുകയാണ്, നിങ്ങളുടെ ജോലിയും അനുബന്ധ കാര്യങ്ങളും തുടങ്ങുവാൻ പോകുന്നതേയുള്ളൂ…”

അനന്തമായി നീളുന്ന നമ്മുടെ അസ്ഥിത്വത്തിൽ പരിമിതി ആരോപിക്കുമ്പോൾ അനന്തതയും പരിമിതിയും കൂടിച്ചേർന്ന് പുതിയ ഒരു സത്ത ജന്മമെടുക്കുന്നു. അതാകുന്നു ഈ കാണുന്ന ജഗത്. ഈ കാണുന്ന ജഗത് ഒരേസമയം പരിമിതവും അനന്തവും ആണ്. നമ്മുടെ ജീവിതവും അപ്രകാരം തന്നെ. ഒരേ സമയം പരിമിതവും അനന്തവും ആകയാൽ ഈ ജഗത് ദ്വൈതമാണ്. അനന്തത കേവലാനന്ദമാണെങ്കിൽ, പരിമിതി ദുഃഖവുമാണ്. അനന്തതയും പരിമിതിയും കൂടിക്കലർന്ന ഈ ജഗത്തിൽ സുഖദു:ങ്ങൾ മാറിമാറി വരുന്നു. അനന്താനന്ദം തീർച്ചയായും സാധ്യമാണ്. അത് വേണമെങ്കിൽ എല്ലാ പരിമിതികളെയും ദൂരെയെറിയേണ്ടിയിരിക്കുന്നു. പരിമിതി മിഥ്യയാണ്. വാസ്തവത്തിൽ അങ്ങിനെയൊന്നില്ല. ഉള്ളത് അനന്തത എന്ന ഏകസത്തയാണ്. രണ്ടാമതൊന്നില്ല(അദ്വൈതം). പരിമിതി മനസ്സിന്റെ ഒരു വികൽപം മാത്രം. അതിന്റെ പിറകേ പോകുന്നവൻ മിഥ്യയിൽ ചരിക്കുന്നു. ദുഃഖം അവന്റെ കൂടപ്പിറപ്പായിരിക്കും. പരിമിതികളെക്കുറിച്ചുള്ള ചിന്ത അനന്തതയെ ഇല്ലാതാക്കുന്നില്ല. മറിച്ച് അവതമ്മിൽ കൂടി കലരുന്നു. വൈരുധ്യങ്ങൾ നിറഞ്ഞ ജഗത് ഇങ്ങനെയാണ് രൂപം കൊള്ളുന്നത്.

അനന്തസത്തയായ ഈശ്വരന് പല ഭാവങ്ങൾ ഉണ്ടാവാം. അതനുസരിച്ച് ഈശ്വരൻ അനന്തസ്നേഹമാണ്; അനന്താനന്ദമാണ്; അനന്തമായ ഭാവാത്മകതയാണ്; അങ്ങനെ പലതും ആണ്. അനന്തസ്നേഹത്തിൽ പരിമിതി ആരോപിക്കുമ്പോൾ വിദ്വേഷം ജനിച്ചു വീഴുന്നു. ഇത് ലൗകിക സ്നേഹമാണ്. അനന്താനന്ദത്തിൽ പരിമിതി ആരോപിക്കുമ്പോൾ ദുഃഖം ജന്മമെടുക്കുന്നു. അത് ലൗകിക ആനന്ദമാണ്. ഇപ്രകാരം തന്നെ അനന്തമായ ഭാവാത്മകതയിൽ പരിമിതി ആരോപിക്കുമ്പോൾ നിഷേധാത്മകത ജനിക്കുന്നു. അതും ലൗകികത തന്നെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാം കാണുന്ന ഈ ജഗത് ഒരേസമയം സത്യവും മിഥ്യയും ആണ്. അതിൽ അനന്തതയുടെ ഒരു സ്പർശം ഉള്ളതിനാൽ അത് സത്യമാണ്. അതിൽ പരിമിതിയുടെ ഒരു സ്പർശമുള്ളതിനാൽ അത് മിഥ്യയുമാണ്. അനന്തസത്തയിൽ പരിമിതിയാരോപിക്കുമ്പോഴാണ് ഈ ജഗത് ഉണ്ടാകുന്നതെന്ന് നാം കണ്ടു. ഇപ്രകാരം പരിമിതി ആരോപണം സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഉത്കണ്ഠ മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാൻ അനന്താനന്ദത്തിൽ കഴിയുമ്പോൾ “ഇതെങ്ങാനും നഷ്ടപ്പെട്ടു പോയാലോ” എന്ന ഉത്കണ്ഠ വരികയും ഞാനാ ഉത്കണ്ഠയുടെ പിറകേ പോവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഉത്കണ്ഠ എന്റെ അനന്താനന്ദത്തെ മറക്കുന്നു. അപ്പോൾ ഞാൻ ജഗത്തിനെ കാണുന്നു. ജഗത്തിനെ കാണുമ്പോൾ പാതിസത്യം മാത്രമായ ജഗത് എനിക്ക് പൂർണ്ണ സത്യമായി അനുഭവപ്പെടുകയും ഈശ്വരൻ മറക്കപ്പെടുകയും ചെയ്യുന്നു. ആനന്ദവും ഉത്കണ്ഠയും കൂടി കലർന്നുണ്ടാകുന്ന ഈ ജഗത് സുഖദു:ഖങ്ങളുടെ കേളീരംഗമാണ്. ജഗത് സത്യമായി അനുഭവപ്പെടുമ്പോൾ അതു കൂടുതൽ ഉത്കണ്ഠകളെ ജനിപ്പിക്കുകയും ഒരു ദൂഷിതവലയം രൂപം കൊള്ളുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120