ന്യൂസ് ഡെസ്ക്, മലയാളം യുകെ
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ സാമിപ്യവും സഹവാസവും ഒരു വ്യക്തിക്ക് അത്യന്താപേക്ഷിതമാണ്. ശൈശവദശയിൽ ഒരു കുഞ്ഞിൻറെ ശാരീരിക മാനസിക വികാസത്തിന് ഈ ഘടകങ്ങൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എന്നാൽ ചെഷയറിൽ നിന്ന് പുറത്തുവരുന്ന കൊടുംക്രൂരത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ 3 വർഷത്തോളമാണ് ഒരു അമ്മ ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയത്. പകൽവെട്ടം കാണാതെ അമ്മയൊഴിച്ച് മറ്റൊരാളുടെ മുഖം കാണാതെ കൊടും കുറ്റവാളികൾ ജയിലിൽ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയിലൂടെയായിരുന്നു ആ കുഞ്ഞ് കടന്ന് പോയത്. കഴിഞ്ഞ വർഷം 2023 ഫെബ്രുവരിയിൽ ടോയ്ലറ്റ് ഉപയോഗിക്കുന്നതിനായി വീടിന്റെ മുകൾ നിലയിലേക്ക് പോയ അവളുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരുവായത്. പോഷകാഹാര കുറവുമൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെൺകുട്ടി.
2020 മാർച്ചിൽ ചെഷയറിലെ വീട്ടിൽ ബാത്ത് ടബ്ബിലാണ് പെൺകുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുകയും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നില്ല. പെൺകുട്ടിയുടെ പിതാവുമായി തനിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും താൻ ഗർഭിണിയാണെന്ന് അയാളോട് പറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നിയമപരമായ കാരണങ്ങളാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പോലീസിന് മൊഴി നൽകിയത്. മെഡിക്കൽ വിദഗ്ധർ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ അവൾക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പകൽ വെളിച്ചത്ത് കാണിക്കാതെ കുട്ടിയെ ഡ്രോയറിനുള്ളിൽ തളച്ചിട്ട അമ്മയ്ക്ക് 7 വർഷം തടവാണ് ചെസ്റ്ററിലെ കോടതിയിൽ ജഡ്ജ് സ്റ്റീവൻ എവററ്റ് വിധിച്ചത്. യുവതി ചെയ്തത് വിശ്വസിക്കാൻ പറ്റാത്ത തിന്മയാണെന്ന് അദ്ദേഹം വിധി ന്യായത്തിൽ പറഞ്ഞു.
Leave a Reply