അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.

‘ഒരു തെറ്റു പറ്റി’യെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞതായും മൊഴിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 22-ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും കളക്ടര്‍ രണ്ടാമത്തെ മൊഴിയെടുപ്പിലും ആവര്‍ത്തിച്ചു.

ടി.വി. പ്രശാന്തന് പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എതിര്‍പ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യം പി.പി. ദിവ്യ യോഗത്തില്‍ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നവീന്‍ ബാബുവുമായി നല്ല ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞതായി അറിയുന്നു.

നവീന്‍ ബാബുവിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചു. യാത്രയയപ്പ് യോഗത്തിനുശേഷം വിളിച്ചത് അഴീക്കോട് സ്വദേശിയായ ടി.വി. പ്രശാന്തിനെയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായി. നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.