ഷാനോ എം കുമരൻ

“എന്റെ പ്രസാദേ ഇതൊന്നു ഫിൽ ചെയ്യുവാൻ കൂടെടാ. ചുമ്മാ കറങ്ങി നടക്കാതെ. കൗൺസിലിങ് ഹാളിനു മുന്നിൽ വിന്യസിച്ചിരിക്കുന്ന രെജിസ്റ്ററേഷൻ കൗണ്ടറിൽ ഇരുന്നു തല പുകഞ്ഞ ജോർജ് ചേട്ടൻ അത് വഴി കടന്നു പോയ പ്രസാദിനോടായി പറഞ്ഞു.
എന്നാ ജോർജ് ചേട്ടായീ ചെയ്യണ്ടേ. പറഞ്ഞോ.
എന്തെങ്കിലും ഉത്തരവാദിത്വപ്പെട്ട കാര്യങ്ങൾ ആരും ഏല്പിക്കാത്തതിനാൽ വെറുതെ വോളന്റീർ ബാഡ്‌ജും നെഞ്ചിൽ കുത്തി ഒന്ന് ഷൈൻ ചെയ്യാൻ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കറങ്ങി നടന്ന പ്രസാദിനു ജോർജ് ചേട്ടന്റെ വിളി വലിയ അനുഗ്രഹമായി ഭവിച്ചെന്നു വേണം പറയുവാൻ. അല്ലെങ്കിലതൊരു മര്യാദയില്ലാത്ത വിവരണമായിപോകും. പ്രസാദ് ഒരു കസേര വലിച്ചിട്ടിരുന്നു അന്നവിടെ എത്തിച്ചേർന്നിരിയ്ക്കുന്ന ആളുകളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കുവാൻ വേണ്ടുന്നതെല്ലാം ചെയ്‌തതിനാൽ ജോർജ് ചേട്ടൻ പ്രസന്ന ചിത്തനായി കാണപ്പെട്ടു എന്നതും ശ്രദ്ധേയമായ ഒന്നാണ്.

പ്രിയമുള്ളവരേ എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം. പ്രൊഫെസ്സർ സച്ചിദാനന്ദൻ മൈക്ക് കയ്യിലെടുത്തു സ്വയം പരിചയപെടുത്തികൊണ്ടു സദസ്സിനെ അഭിസംബോധന ചെയ്തു.
എനിക്കറിയാം എല്ലാവരും ഒരു പാട് തിരക്കുകൾ മാറ്റി വച്ചിട്ടാണ് ഇന്നിവിടെ ഒത്തു ചേർന്നിരിയ്ക്കുന്നതെന്ന്. എത്ര തന്നെ തിരക്കുകൾ ഉണ്ടെങ്കിലും ആണും പെണ്ണും ഒന്ന് ചേർന്ന് തുടക്കം കുറിയ്ക്കുന്ന വിവാഹജീവിതമെന്ന മഹാ യാത്രയ്ക്കുള്ള മുന്നൊരുക്കമായി ഇന്ന് തുടങ്ങി മൂന്നാം നാളിൽ തീരുന്ന ത്രിദിന പഠന പദ്ധതി വളരെയേറെ അനിവാര്യമാണെന്ന വസ്തുത ഇവിടെ എത്തുന്നതിനു മുന്നേ തന്നെ നിങ്ങളെല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണെന്നതിനാൽ ഇങ്ങനെയൊരു പാഠ്യപദ്ധതിയുടെ പ്രാധാന്യത്തെ പറ്റി സുദീർഘമായ വിവരണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല … എങ്കിലും ചില കാര്യങ്ങൾ പറയാതെ തരമില്ലാത്തതിനാൽ …….. പ്രൊഫസ്സർ സച്ചിദാനന്ദൻ നവ ദമ്പതികളാകുവാൻ ഒരുങ്ങിയിറങ്ങിയ യുവ ജനതയെ നോക്കി സംസാരിച്ചു തുടങ്ങി.

വിവാഹജീവിതത്തിനു മുന്നോടിയായി ഇണകളാകുവാൻ പോകുന്ന യുവത്വങ്ങൾ കൈവരിക്കേണ്ടതും നിശ്ചയമായും മനസ്സിലാക്കിയിരിക്കേണ്ടതുമായ ചില അവശ്യ ധാരണകളെക്കുറിച്ചുള്ള പഠനമാണവിടെ നടക്കുന്ന പരിപാടി. പ്രൊഫസ്സർ സച്ചിദാനന്ദൻ അവിടെയുള്ള ഇണക്കുരുവികളെ എഴുന്നേൽപ്പിച്ചു നിറുത്തി മറ്റുള്ളവർക്കായി പരിചയപ്പെടുത്തി.
അതിങ്ങനെ. ആ എന്താണ് അങ്ങേയറ്റത്തിരിയ്ക്കുന്ന നീല ചുരിദാർ ധരിച്ച ആ സുന്ദരിയുടെ പേര് …? ആ ഒന്നെഴുന്നേൽക്കു….. അതെ നിങ്ങൾ തന്നെ റെഡ് ബോർഡർ ലൈനുള്ള ചുരിദാർ ആണ് ഞാൻ ഉദ്ദേശിച്ചത്….. നിങ്ങളല്ല നിങ്ങൾ പ്ലെയിൻ ബ്ലൂ അല്ലെ? സദസ്സിൽ ചിരിയുടെ രവമുയർന്നു നിലയിൽ ചുവന്ന വരകളുള്ള സുന്ദരി ലജ്‌ജാ വിവശതയാൽ നമ്രശിരസ്കയായി സദസ്സിൽ എണീറ്റ് നിന്നു. ” നിങ്ങളെ ഒന്ന് പരിചയപെടുത്തിക്കെ …..ആ സ്വയം പരിചയപെടുത്തുന്നതിനൊപ്പം പങ്കാളിയാവാൻ പോകുന്ന ആളെകൂടി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം കേട്ടോ ……ഇത് എല്ലാവരും ചെയ്യേണ്ടതാണെന്നോർമ്മിപ്പിക്കുന്നു …..”

ആ പെൺകുട്ടി അവളെ നാണത്തോടെ പരിചയപ്പെടുത്തി.
എന്റെ പേര് സരിക ഇവിടെ അടുത്ത് തന്നെയാണ് വീട്
” സരിക എന്ത് ചെയ്യുന്നു. “? സദസ്സിൽ നിന്നാരോ ചോദ്യമെറിഞ്ഞു.
” ഞാൻ ഞാനൊരു പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് ആയിട്ട് ജോലി ചെയ്യുവാ. അപ്പോൾ സദസ്സിന്റെ മറു ഭാഗത്തു നിന്നും സുന്ദരകുട്ടപ്പനായ ഒരു വിദ്വാൻ എഴുന്നേറ്റു നിന്നു
” യെസ് “ പ്രൊഫസർ അയാളെ നോക്കി ചോദിച്ചു.
ഞാൻ വിനീത്. ഞാനാണ് സരികയെ വിവാഹം കഴിക്കുവാൻ പോകുന്നത്.
സദസ്സിലെ കൂട്ടച്ചിരികൾക്കും അടക്കം പറച്ചിലുകൾക്കുമൊടുവിൽ ചുണ്ടിൽ തികട്ടിവന്ന ചിരിയെ കൈ തലങ്ങളാൽ മറച്ചു വച്ചു പ്രൊഫസർ പറഞ്ഞു. ഓക്കേ ഓക്കേ സരിക ഭാഗ്യവതിയാണ്. തന്നെ ചോദ്യം ചോദിച്ചു ഒരുപാടു ബുദ്ധി മുട്ടിക്കാതെയിരിക്കാനാണ് മിസ്റ്റർ വിനീത് എഴുനേറ്റു നിന്ന് സ്വയം പരിചയപെടുത്തിയത്. അതെന്തായാലും ശ്ലാഘനീയമാണ്. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ഇരുന്നോളു രണ്ടാളും. തന്നെ നാണം കെടുത്തിയതിൽ ഒരു സുന്ദര പിണക്കത്തിൽ കണ്ണേറു കൊണ്ട് വിനീതിനെ കാടാക്ഷിച്ചു കൊണ്ട് സരികയും ഗംഭീരഭാവത്തിൽ വിനീതും അതാതു ഇരിപ്പിടങ്ങളിൽ ഇരുന്നു. അങ്ങനെ ഓരോരുത്തരായി പരിചയപെടുത്തൽ തുടർന്നു.

ഞാൻ പയസ്സ് ഇരിഞ്ഞാലകുടയാണ് ഫുൾ നെയിം പയസ്സ് ജോസെപ്പ്. അപ്പനപ്പാപ്പാന്മാരായിട്ടു മ്മക്ക് റബ്ബറിന്റെ ഡീൽ ആണ്. ദാ അവിടെ ആ ഡെസ്കിന്മേൽ കൈ കുത്തിരിക്കണേ ടാവാണ്‌ മ്മ്‌ടെ പെണ്ണ്. പേര് ജെസ്സി. പയസ്സിന്റെ മലവെള്ളപ്പാച്ചിൽ പോലെയുള്ള തൃശൂർ സ്ലാങ്ങിൽ ജെസ്സി എണീറ്റ് നിന്ന് വിളിച്ചു പറഞ്ഞു. ഞാനാണ് ജെസ്സി.
ഈ റബ്ബറിന്റ ഡീൽ ന്ന് വെച്ചാ ന്താണത്‌ തോട്ടം ആണോ?
അടക്കി പിടിച്ച ചിരിയിൽ പ്രൊഫെസ്സർ തൃശൂർ സ്ലാങ്ങിൽ ചോദിച്ചു.
ഹേ മൂപ്പർക്ക് റബ്ബർ കടയാണ് ടൗണില്. തോട്ടം ന്റപ്പനാണ്
മറുപടി പറഞ്ഞത് ജെസ്സി ആണ്.
രണ്ടാൾക്കും റബ്ബർ പോലെ ചാടി ചാടി നിൽക്കുന്ന ഒരു ഭീകര ലൈഫ് ആശീർവദിച്ചു പ്രൊഫസ്സർ. അവനിച്ഛിരെ ജാഡയാനല്ലോടാവേ. ആരൊക്കെയോ അടക്കം പറഞ്ഞു.
റബ്ബർ കടയല്ലേ കാശിനെന്താ പഞ്ഞം. ജാടയിടാവല്ലോ!
അതാരാ അവിടെ പതുങ്ങിയിരിക്കുന്നെ.
കർത്താവെ എന്നോട് ചോദിക്കല്ലേ ഒന്നും എന്ന് വിചാരിച്ചു പമ്മിയിരുന്ന ജീനയെ പ്രൊഫെസ്സർ കണ്ടു പിടിച്ചു.
എന്റെ പേരേ ജീനെന്നാണെ. ഞാൻ വൈക്കത്തിനടുത്തുന്നാ വരുന്നേ. അപ്പച്ചന് തേയിലേടെ ബിസിനെസ്സ് ആണ്. കട്ടപ്പനെന്നു തേയിലയെടുത്തു വൈക്കത്തു കൊണ്ടോയി വിൽക്കും.
എല്ലാവരുമൊന്നു പകച്ചു. എന്തൊക്കെയാണ് ഈ കൊച്ചു പറയുന്നേ? വർത്താനം കേട്ടിട്ട് കല്യാണ പ്രായമായതായി തോന്നുന്നില്ല.
ഒരു നിമിഷം ആലോചിച്ചു നിന്നിട്ടു പ്രൊഫസർ ആൺകൂട്ടത്തിന് നേർക്കു തിരിഞ്ഞു ചോദിച്ചു. ആരാ ഈ കുട്ടിയുടെ ചെക്കൻ?
അപ്പുറത്തു നിന്നും ഒരു പയ്യൻ എഴുന്നേറ്റു. ആഹാ ഇയാളാണോ? ഇയാളെ എനിക്കറിയാല്ലോ ! നമ്മൾ ….നമ്മൾ എവിടെയോ മീറ്റ് ചെയ്തിട്ടുണ്ടല്ലോ. …?

ഓർമ്മയെ രാകിയെടുക്കുന്ന പോലെ പ്രൊഫസർ തല ചൊരിഞ്ഞു കണ്ണട ഊരി കർചീഫ് കൊണ്ട് തുടച്ചു വീണ്ടും മൂക്കിൻ തുമ്പിൽ ചേർത്ത് വച്ചു.
സാർ ഞാൻ ബിനീഷ് ടൗണിൽ എ വൺ കാർ കെയർ വർക്ക് ഷോപ്. അതെന്റെയാ. സാറിന്റെ വണ്ടി അവിടെ സെർവിസിന് തരാറുണ്ട്.
“ഓഹ് ഓഹ് …പിടി കിട്ടി പിടി കിട്ടി. അതെ ബിനീഷേ പെൺകൊച്ചു അപ്പന്റെ തേയിലകച്ചോടത്തെപറ്റിയാണ് സദാ ചിന്ത. ഇന്നിവിടെ ബിനീഷ് കൂടെയുണ്ടെന്ന് പോലും ചിന്തയിലേയില്ല. ഒരു അപ്പൻ സ്നേഹിയാണ് അത് കൊണ്ട് തേയിലയുടെ ഷെയർ ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. നാട്ടുകാരുടെ വണ്ടികൾ എന്നും കേടായി തന്റെയടുത്തു തന്നെ വരാൻ പ്രാർത്ഥിച്ചോ. എല്ലാവരോടൊപ്പം പ്രൊഫസ്സറും ഒപ്പം ബിനീഷും ചിരിച്ചപ്പോൾ കൈലേസുകൊണ്ടു മുഖത്തെ വിയർപ്പു തുള്ളികൾ ധിറുതിയിൽ തുടയ്ക്കുകയായിരുന്നു ജീന.
അടുത്തതായി പരിചയപ്പെടുത്തിയത് ഒരു ലണ്ടൻ മലയാളിയെയാണ് പേര് സ്റ്റീഫൻ. സ്റ്റീഫൻ കൊമ്പത്ത്
ഏതു കൊമ്പാണ് പുളികൊമ്പാണോ ആശാനേ.
ആരുടെയോ ആ കമെന്റ് അത്ര വലിയ കോമഡി ആയി സ്റ്റീഫൻ കൊമ്പത്തിനു രസിച്ചില്ല എന്ന് അയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

ഇടവേളകളിൽ എല്ലാവരും ക്യാന്റീനിലും പുറത്തുള്ള മരച്ചുവട്ടിലും മറ്റുള്ള ഇടങ്ങളിലുമായി താന്താങ്ങൾക്കു വിധിക്കപെടുവാൻ പോകുന്ന ഇണകളോടൊത്തു കിന്നരിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു.
സ്റ്റീഫൻ കൊമ്പത്തിനു പഞ്ചാര പെരുമാറ്റങ്ങൾ ഇഷ്ടമില്ലാത്തതിനാലാവണം അയ്യാൾ പ്രതിശ്രുത വധുവായ സൂസന്റെ അടുത്ത് അല്പമാത്രം കുടുംബ വിശേഷങ്ങൾ പങ്കു വച്ചിട്ട് സിഗരറ്റു പാക്കറ്റുമായി മതില്കെട്ടിന് അപ്പുറത്തേക്ക് പോയി. ആ വിശാലമായ മതില്കെട്ടിനകത്തു അനുവദിച്ചു കിട്ടിയ നേരത്തിനുള്ളിൽ ഒട്ടു മിക്ക വനിതാ രത്നങ്ങളും അവരവരുടെ പുരുഷ കേസരികളോടൊത്തു ഭാവി പരിപാടികൾ ചർച്ച ചെയ്തു. സ്വിറ്റസർ ലാൻഡ് തുടങ്ങി ഊട്ടി കൂർഗ് വരെയുള്ള തേനൂറുന്ന മധുവിധു രാവുകളെയും പ്രജാക്ഷേമ തല്പരരായിട്ടുള്ളവർ ആൺ പെൺ വക ഭേദങ്ങളുടെ കണക്കുകൾ നിരത്തി അടുത്ത തലമുറകളെപ്പറ്റി വരെയും ആ ഉദ്യാനത്തിൽ ചർച്ചകൾ നടത്തി. ചിലതെല്ലാം അതീവ രഹസ്യ സ്വഭാവത്തോടെയും മറ്റു ചിലതാവട്ടെ രഹസ്യങ്ങളുടെ മറകളേതുമില്ലാതെ തുറന്നിട്ട ജന വാതിലുകൾക്കുള്ളിൽ കയറിയിറങ്ങുന്ന കാറ്റിനെപോലെ നൈർമല്യമുള്ളതും സുതാര്യവുമായിരുന്നു.

ആരുടെയോ നിലവിളി കേട്ടാണ് എല്ലാവരും അവിടേയ്ക്കു ഓടി ചെന്നത്. അവിടെയതാ ആരോ ഒരാളുടെ കഴുത്തിൽ കുത്തി പിടിച്ചു മതിലിൽ മേലേക്ക് ചാരി നിറുത്തി അമക്കുകയാണ് നമ്മുടെ ലണ്ടൻ കാരൻ സ്റ്റീഫൻ. എന്തൊക്കെയോ തെറി വാക്കുകൾ ഉപയോഗിക്കുന്നുമുണ്ട്. ജോർജ് ചേട്ടനും പ്രസാദും മറ്റുള്ള ആളുകളെല്ലാവരും ഓടിയെത്തി. അവർ സ്റ്റീഫന്റെ ബലിഷ്ഠ കരങ്ങളിൽ നിന്നും മറ്റെയാളെ രക്ഷപെടുത്തി. എന്താ എന്താ പ്രശ്നം ? ജോർജ് ചേട്ടൻ സ്റ്റീഫനോട് ചോദിച്ചു. സ്റ്റീഫനെ പോലെ തന്നെ അവിടെ വിവാഹജീവിതത്തിനെ കുറിച്ചുള്ള പഠനത്തിനെത്തിയതായിരുന്നു സ്റ്റീഫന്റെ കരവലയത്തിൽ നിന്നും രക്ഷപെട്ട രാജേന്ദ്രൻ. ആളുകൾ സ്റ്റീഫനോടും രാജേന്ദ്രനോടും മാറി മാറി ചോദിച്ചു എന്താണ് പ്രശ്നമെന്ന്. കഴുത്തു തിരുമ്മി കൊണ്ടിരുന്ന രാജേന്ദ്രന് ഒന്നും പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ബഹളം കേട്ടിട്ട് അതിനു നടുവിൽ സ്റ്റീഫൻ ആണെന്നറിഞ്ഞു സൂസൻ അവിടേക്കു വന്നു. അവൾ സ്റ്റീഫനെ നോക്കി ചോദിച്ചു. എന്താണ് സ്റ്റീഫൻ എന്തിനാ ഈ ബഹളമൊക്കെ?

എരിയുന്ന കണ്ണുകളോടെ സ്റ്റീഫൻ രാജേന്ദ്രന് നേർക്കു വിരൽ ചൂണ്ടു സൂസനോട് ചോദിച്ചു. നീ ഇവനെ അറിയുമോ ? സ്റ്റീഫൻ ചൂണ്ടിയ വിരലിനെ പിന്തുടർന്ന സൂസന്റെ കണ്ണുകൾ എത്തി നിന്നത് രാജേന്ദ്രന്റെ മുഖത്തായിരുന്നു. അയാളെ കണ്ടതും സൂസൻ ഞെട്ടിപ്പോയി. അവളുടെ ഞെട്ടൽ മുഖത്ത് പ്രകടമായിരുന്നു. സൂസൻ ചോദിച്ചത് കേട്ടില്ലേ ഇയാളെ നീ അറിയുമോ ? സ്റ്റീഫന്റെ പരുക്കൻ ശബ്ദത്തിന്റെ അധികാര ഭാവത്തെ എതിർക്കുവാൻ സൂസന് നിവൃത്തിയില്ലായിരുന്നു. അറിയാം എന്ന് തല താഴ്ത്തി അതിലുപരി പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു നിറുത്തിയതും അയാളുടെ കരതലം അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഇത് നിനക്കല്ല ഞാൻ കഷ്ടപെട്ടുണ്ടാക്കിയ എന്റെ ലൈഫ് തുലയ്ക്കാൻ നോക്കിയ നിന്റെ തന്തയ്ക്കുള്ളതാ. ശേഷമയാൾ രാജേന്ദ്രനോടായ് ക്ഷമിക്കണം. പെട്ടെന്ന് എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. നിങ്ങൾ നിങ്ങളെന്റെ ജീവിതം കാത്തു. രാജേന്ദ്രന്റെ ചുമലിൽ കൈ വച്ച് കൊണ്ട് അത്രയും പറഞ്ഞിട്ട് സ്റ്റീഫൻ ധിറുതിയിൽ ആർക്കും മുഖം കൊടുക്കാതെ കാർ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. തരിച്ചു നിൽക്കുന്ന സൂസന്റെ മുഖത്ത് നോക്കി ഒന്നും ചോദിക്കുവാൻ ആർക്കും തോന്നിയില്ല. കാര്യങ്ങൾ ഏതാണ്ടെല്ലാം അവർക്കു തിരിഞ്ഞിരുന്നു.

സൂസൻ ചുറ്റിനും കൂടി നിൽക്കുന്ന സമൂഹത്തെ മുഖാമുഖം നോക്കുവാൻ സാധിക്കാതെ തന്റെ ബാഗുമെടുത്തു ഒരു ടാക്സിയിൽ കയറി എവിടേക്കോ പോയി.

കാര്യമറിയാതെ ശിഖ വല്ലാതെ വിഷമിച്ചു എന്തിനാണ് രാജേട്ടനെ അയാൾ ദ്രോഹിച്ചതും പിന്നെ മാപ്പ് പറഞ്ഞതും ?
രാജേന്ദ്രന്റെ മറ്റൊരു സുഹൃത്തിന്റെ കാമുകി ആയിരുന്നു സൂസൻ. ഒരാളുടെ മാത്രമല്ല പല സുഹൃത്തുക്കളുടെയും കാമുകി ആയിരുന്നു അവൾ പണത്തിനോട് മാത്രം ആത്‌മ ബന്ധം പുലർത്തിയിരുന്ന സൂസന് കിടക്ക വിരിപ്പുകളുടെ വർണ്ണ വരകളെ നനയിയ്ക്കുന്ന തന്റെ വിയർപ്പു തുള്ളികൾ ബാങ്ക് അക്കൗണ്ടുകൾക്കു മേനി കൂട്ടുവാനുള്ള മാന്ത്രിക ശക്തിയുള്ള ഒരു മാർഗമായിരിന്നു. സൂസന്റെ ഭൂതകാലമെല്ലാം നന്നായി അറിഞ്ഞു വച്ചിരുന്ന രാജേന്ദ്രന് സ്റ്റീഫനെ കണ്ടപ്പോൾ അയ്യാൾ ചതിക്കപ്പെടാതെയിരിക്കുവാൻ തനിക്കെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. രാവിലത്തെ ക്ലാസ്സിൽ പ്രൊഫസർ സച്ചിദാനന്ദൻ എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തിയപ്പോൾ മുതൽ സ്റ്റീഫനെ ഈ ചതി കുഴിയിൽ നിന്നും രക്ഷിക്കണം എന്ന മനോസംഘടനം രാജേന്ദ്രന്റെയുള്ളിൽ ഉടലെടുത്തിരുന്നു. ഞാനായിട്ട് ഒന്നും പറയേണ്ടതില്ല എന്ന് പലവുരു തീരുമാനം എടുത്തുവെങ്കിലും സ്റ്റീഫനെ ദുരിതത്തിലാകുവാൻ രാജേന്ദ്രന് തോന്നിയില്ല . സ്റ്റീഫന് രാജേന്ദ്രനെന്ന ബാല്യകാല സഹപാഠിയെ ഓർമ്മ വന്നില്ലെങ്കിലും മതിലിൽ കൈ ഊന്നി നിന്ന് സിഗരറ്റു വലിയ്ക്കുന്ന സ്റ്റീഫനോട് രാജേന്ദ്രൻ ചോദിച്ചു . സ്റ്റീഫന് ഈ കല്യാണം തന്നെ വേണമായിരുന്നോ എന്ന്.
സ്റ്റീഫനോട് കാര്യം വ്യക്തമാക്കിയെങ്കിലും തിരിച്ചുണ്ടായ പ്രതികരണം ബാല്യകാല സൗഹൃദ സ്മരണകളെ ഓർമ്മപെടുത്താനുള്ള ഉദ്യമത്തിൽ നിന്നും രാജേന്ദ്രൻ പിന്തിരിഞ്ഞിരുന്നു. കല്യാണ തേൻ നുകരുവാൻ എത്തിയ ഇണക്കുരുവികളതാ പോകുന്നു തേൻകൂടോന്നൊരുക്കാതെ. ക്ലാസ്സിന്റെ ഒരു ഗുണം ചില കൂട്ടർക്ക് അങ്ങനെ ഭവിച്ചു. ചീഞ്ഞു പോയൊരു പഴമാ കൂടയിൽ വീഴാതെ കാത്തു രക്ഷിച്ചൊരാ നൻപൻ രാജേന്ദ്രനും സ്തുതി.

ശരീരശാസ്ത്രങ്ങളുടെ ഉൾകരുത്തുകൾ മനഃപാഠമാക്കിയ ആ ലേഡി ഡോക്ടറുടെ വാക്ചാതുര്യം ഇണയരയന്നങ്ങളുടെ കൂട്ടത്തെ ലജ്‌ജാ വിവശരാക്കിയെങ്കിലും തരുണീമണികൾ മാത്രമെന്തോ നമ്ര ശിരസ്‌കകളായി കുമ്പിട്ടിരുന്നു. വിജ്ഞാന കുഞ്ജികളായ നിങ്ങൾക്കൂഹിക്കാവുന്നതാണല്ലോ സന്ദർഭം. അങ്ങനെയുള്ള നിരവധിയായ അറിവുകൾ അവിടെ പ്രതിപാദിക്കപ്പെട്ടു. വിവാഹമെന്ന മനോഹരമായ ഉടമ്പടിയെകുറിച്ചു പ്രൊഫസർ ഊന്നിയൂന്നി പറഞ്ഞപ്പോൾ വിവാഹമോചനമെന്ന ദുരിതത്തെകുറിച്ചു വിശദീകരിച്ച വക്കീൽ സുഹാസചന്ദ്രൻ പലർക്കുമൊരു രസം കൊല്ലിയായി.

ഇടവേളകളിൽ ദാമ്പത്യമെന്ന യുവ മിഥുനങ്ങൾക്ക് ഇടയിൽ ദാമ്പത്യമെന്ന അതിരാത്രത്തെക്കുറിച്ചുള്ള പദ്ധതികൾ നിരവധിയായി ചർച്ച ചെയ്യപ്പെട്ടു. നാലാൾ കൂടുന്നിടത്തെ നാണം നാന്മറയ്ക്കുള്ളിൽ വിച്ഛേദനം ചെയ്യപ്പെട്ടു.
അതെ സമയം ആ ഇടത്തിൽ മറ്റൊരു കോണിലായി മറ്റൊരു സംഗതി. നോക്കാം അതെന്തെന്നു.
ഉന്മേഷ് ഏട്ടാ, ദിവ്യയുടെ കാതരമായ വിളിയിൽ ഉന്മേഷിന്റെ സർവ്വകോശങ്ങളും തളിരണിഞ്ഞു. എന്തോ ദിവ്യമോളെ, ഉന്മേഷ് തരളിത ചിത്തനായി വിളികേട്ടു. അടുത്ത ക്ലാസ് തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടിയുണ്ട് ഒന്ന് വരാമോ എന്റെയടുത്തേക്കു. ദിവ്യ ലോലമായി മൊഴിഞ്ഞു.

എവിടെയാ മോളു നില്കുന്നെ. പറന്നെത്താൻ തിടുക്കമായി ഉന്മേഷിനു.
ഞാൻ നില്കുവല്ല ഏട്ടാ ഇരിക്കുവാ. ഇവിടെ കാന്റീനിനടുത്തുള്ള പനിനീർ ചാമ്പയുടെ തറയിൽ.
ഓ തമാശക്കാരി യു ഫണ്ണി ഗേൾ. ഫോൺ കട്ട് ചെയ്യും മുന്നേ ഉന്മേഷ് ദിവ്യയ്ക്കരുകിൽ പറന്നെത്തി.
അയ്യോ ഇതെന്താ ഞാൻ രാവിലെ തന്ന ഡയറി മിൽക്ക് ഇത് വരെ കഴിച്ചില്ലേ മോളു? ദിവ്യയുടെ കയ്യിലെ ഡയറി മിൽക്ക് കണ്ട ഉന്മേഷ് പരിഭവത്തോടെ ചോദിച്ചു.
അത്…… അത് ഏട്ടാ ഞാൻ കഴിക്കാൻ തുടങ്ങുവായിരുന്നു അപ്പോഴാ സജി മോൻ പറഞ്ഞത് അധികം മധുരം കഴിച്ചാൽ ഒരുപാട് വണ്ണം വയ്ക്കുമെന്ന് അതാ കഴിയ്ക്കാഞ്ഞത്.
സജിമോനോ ആരാത് ? വേവലാതിയോടെ ഉന്മേഷ് ചോദിച്ചു.
സജിമോനെ ഇങ്ങോട്ടു വായോ. ഒളിച്ചിരിയ്ക്കാതെ ഉൻമേഷേട്ടന് സജിമോനെ കാണണം.
അരുമയായി ദിവ്യ വിളിച്ചത് കേട്ട് ചാമ്പ മരത്തിനപ്പുറത്തിരുന്ന ഒരു യുവാവ് നമ്രശിരസ്കനായി അവിടേക്കെത്തി. ആരാ ഇത് ഇവനേതാ ദിവ്യമോളെ? ഉന്മേഷ് ഏതാണ്ട് കരച്ചിലിന്റെ വക്കോളമെത്തി.
അതെ ഏട്ടാ ഞാനും സജിമോനും ഒന്നിച്ചു പഠിച്ചതാ ചെറുപ്പം മുതലേ. അന്ന് തൊട്ടേ ഞങ്ങൾ ലൈനാണ് സജിമോൻ ഞാനെന്നു വച്ചാൽ മരിയ്ക്കും. ഞാനും.
എന്താ ദിവ്യമോളെ ഈ പറയുന്നേ. എന്റെ ചങ്കു തകരുന്നുണ്ട് കേട്ടോ. ഉന്മേഷ് ചാമ്പ മരത്തറയിൽ ഇരുന്നു. ഏങ്ങിയേങ്ങി കരഞ്ഞു തുടങ്ങി. ദിവ്യ എഴുന്നേറ്റു അയാളുടെ അടുത്തെത്തി തലകുനിച്ചു കരയുന്ന അയാളുടെ മുഖം പിടിച്ചുയർത്തി വിതുമ്പുന്ന കണ്ണുകൾ സ്വന്തം കൈ കൊണ്ട് തുടച്ചു കൊടുത്തു. ഉൻമേഷേട്ടാ ഏട്ടൻ ഇങ്ങനെ സില്ലിയാവല്ലേ. ഏട്ടൻ കരഞ്ഞാൽ പിന്നെയാരാ ഞങ്ങൾക്കൊരു സപ്പോർട്ട്.

അവൾ അയാളോട് മൃദുവായി ചോദിച്ചു. സപ്പോർട്ടോ …?? അയ്യോ എല്ലാം പോയല്ലോ എന്റെ ഗുരുവായൂരപ്പാ. ഉന്മേഷ് കരച്ചിലിന്റെ ആക്കം കൂട്ടി. ദിവ്യമോളുടെ കണ്ണുകളും ഈറനായി ഒപ്പം സജിമോനും കണ്ണുകൾ തുടച്ചു.
ഉന്മേഷ് ഏട്ടാ, ഏട്ടൻ വേണം ഞങ്ങളുടെ കല്ല്യാണം നടത്തി തരുവാൻ.

എന്നോടെന്തേ നേരത്തെ പറയാതിരുന്നേ നമ്മൾ ഹണിമൂണും നമുക്കുണ്ടാകാൻ പോണ കുട്ടികളുടെ പേര് വരെ തീരുമാനിച്ചതല്ലേ ! എല്ലാം എല്ലാം നമ്മൾ സെറ്റ് ചെയ്തതല്ലേ! ഇങ്ങോട്ടു വരുന്നതിനു മുന്നേ എങ്കിലും പറയായിരുന്നില്ലേ എന്നോട് … വീട്ടിൽ ചെന്ന് ഞാനെന്തോ പറയുമോ അയ്യോ എനിക്കറിയാൻ വയ്യേ ….ഉന്മേഷ് കരച്ചിൽ തുടർന്നു. ഉൻമേഷേട്ടാ നിറുത്തുന്നുണ്ടോ ഈ കരച്ചിൽ. ദിവ്യ അല്പം ഉച്ചത്തിൽ പറഞ്ഞു. സ്വിച്ച് ഇട്ടതു പോലെ ഉന്മേഷ് കരച്ചിൽ നിറുത്തി. ഉൻമേഷേട്ടാ പറയുന്നത് കേട്ടെ ഒന്ന് . ഞാനും സജിമോനും കുഞ്ഞുനാള് മുതലേ ഇഷ്ടത്തിലാ …. ആര് വിചാരിച്ചാലും ഞങ്ങളെ പിരിക്കാൻ പറ്റില്ല. സജിമോൻ എന്റെ സെയിം ഏജ് ആണ്. സൊ അവനു മച്യുരിറ്റി ആയിട്ടില്ല്യാ അത്കൊണ്ടാണ് എന്നെക്കാൾ

പ്രായമുള്ള ഉൻമേട്ടനെ കൊണ്ട് എന്നെ കെട്ടിക്കാൻ അച്ഛനുമമ്മയും തീരുമാനിച്ചു. സജിമോനെ കല്യാണം കഴിച്ചാൽ വീട്ടിൽ കയറ്റത്തില്ലന്ന് അവര് പറഞ്ഞു അതോണ്ടാ നേരത്തെ പറയാൻ ധൈര്യം കിട്ടാഞ്ഞത്.
അച്ഛനുമമ്മയും പറഞ്ഞത് ശെരിയല്ല ദിവ്യമോളെ. മച്യുരിറ്റി ഇല്ലാത്ത ആളെ കെട്ടിയാലെങ്ങിനേയാ ശെരിയാവുക. ഞാനല്ലേ ശെരിക്കും മാച്ച് ആവുന്നേ എനിക്കെന്താ ഒരു കുറവ് ? ബാങ്കില് ജോലിയും കാറും വീടും ഒക്കെയില്ലേ …? ഉന്മേഷ് വീണ്ടും കരയാൻ തുടങ്ങി.

ഉന്മേഷ് ഏട്ടാ കരച്ചില് നിറൂത്ത്. ഏട്ടൻ എന്നെ കെട്ടിയാലും ഫസ്റ്റ് നെറ്റിന് മുന്നേ ഞാൻ സജിമോന്റെ കൂടെ ഒളിച്ചോടും. അതിലും നല്ലതല്ലേ ഇപ്പോ പറയണത്. ഏട്ടൻ എന്റെ അമ്മയ്ക്ക് പിറന്ന എന്റെ സ്വന്തം ഏട്ടനായിട്ടു മുന്നിൽ നിന്ന് ഞങ്ങളുടെ കല്യാണം നടത്തി തരണമെന്നാണ് എന്റെ ആഗ്രഹം.
അത് കൂടെ കേട്ടപ്പോൾ ഉന്മേഷിന്റെ ബാക്കിയുണ്ടായിരുന്ന കിളികൾ കൂടി പറന്നു
പോയി. കല്യാണവും ഞാൻ നടത്താണോ അയ്യോ എനിക്ക് വയ്യായെ . ഉന്മേഷ് വീണ്ടും നിലവിളിക്കാൻ തുടങ്ങി. അത് കേട്ട് കൊണ്ട് ഓടികൂടിയവരുടെ കൂടെ പ്രൊഫെസ്സർ സച്ചിദാനന്ദനും ഡോക്ടർ പ്രകാശ് , ഡോക്ടര് കുസുമവദന , വക്കീൽ സുഹാസചന്ദ്രനും എല്ലാമുണ്ടായിരുന്നു.

എന്താ എന്ത് പറ്റി .? എല്ലാവരും കൂട്ടം കൂടി നിന്ന് ആരാഞ്ഞു. സംഗതി അറിഞ്ഞ പ്രൊഫെസ്സറും വക്കീലും എല്ലാം പറഞ്ഞു ഇവർ കല്യാണം കഴിക്കാതിരിക്കുന്നതാണുത്തമം ഉന്മേഷിന്റെയും ഇവരുടെയും നന്മയ്ക്കു അതാണുത്തമം. എന്തെല്ലാം വയ്യാ വേലികളാണ് ഇവിടെയെത്തുന്നത് സത്യത്തിൽ കല്യാണം കഴിയ്ക്കാൻ പോകുന്നവർക്കല്ല മക്കളെ ശെരിയാം വണ്ണം മനസ്സിലാക്കിയെടുക്കാൻ മാതാപിതാക്കൾക്കാണ് സ്റ്റഡി ക്ലാസ് നൽകേണ്ടത് എന്ന് തോന്നുന്നു. എന്തായാലും അവരുടെ കല്ല്യാണം നടത്തി കൊടുക്കുവാനൊന്നും ഉന്മേഷ് മെനക്കെട്ടില്ല. മറിച്ചു കല്യാണമേ വേണ്ട എന്നൊരു ഉഗ്ര ശപഥമയാളെടുത്തു .
രണ്ടു നാള് കൊണ്ട് മറ്റെല്ലാവരും പഠനമെല്ലാം വിജയകരമായി പൂർത്തീകരിച്ചു കൊണ്ട് നല്ലൊരു പങ്കാളിയാകാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. ചിലർക്കെങ്കിലും വഴിത്തിരിവുകൾ സമ്മാനിച്ച് കൊണ്ട് ആ മനോഹരമായ ഇടം അങ്ങനെ തുടരുന്നു.
എങ്കിലും ഇണക്കുരുവികളെ നിങ്ങളോടായി ….. ഒന്ന് നില്ക്കു …. ഇവിടേയ്ക്ക് വരും മുന്നേ ഒന്ന് ചിന്തിക്കൂ……സ്വായത്തമാക്കൂ വിശാലമായ ഈ ഭൂഖണ്ഡത്തിലുടനീളം വ്യാപാരിച്ചു വിഹരിക്കുന്ന അറിവുകൾ. വിശ്വ വിഖ്യാതരായ മാതാപിതാക്കളെ, നിങ്ങളോടായി ഒരേയൊരു വാക്ക്.
സ്നേഹിക്കു നിങ്ങൾ നിങ്ങളുടെ പൊൻമക്കളെ.
അറിയുവാൻ തുനിയു നിങ്ങളവരെ. ഓർക്കുക നിങ്ങൾ. അവർ മരപ്പാവകളല്ല.
നിങ്ങൾ മാറും കാലാന്തരങ്ങളെ.
കാലയവനികയ്ക്കുള്ളിൽ ഒരു തിരിയായി എരിയും
മുൻപേ ….

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.