ന്യൂസ് ഡെസ്ക്, മലയാളം യുകെ

തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിൽ താൻ കുറ്റക്കാരിയാണെന്ന് പറഞ്ഞ് ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്‌ഗ് സ്‌ഥാനം രാജിവെച്ചു. കെയർ സ്റ്റാർമർ മന്ത്രിസഭ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ രാജിയാണ് ഇത്. 2013ൽ നടന്ന ഒരു മോഷണത്തിൽ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് ഹെയ്‌ഗ് പോലീസിനോട് ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത് അബദ്ധവശാൽ സംഭവിച്ച ഒരു പിഴവാണെന്നും, എന്നാൽ പിന്നീട് നടന്ന പോലീസ് ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പരാമർശിക്കേണ്ട എന്ന് തന്റെ അഭിഭാഷകൻ തന്നെ ഉപദേശിച്ചതായും അവർ വ്യക്തമാക്കി. പോലീസ് പിന്നീട് ഈ കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറുകയായിരുന്നു. 2015 ലെ എംപി തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ, പോലീസിൽ തെറ്റായ റിപ്പോർട്ട് നൽകിയതായി താൻ കുറ്റസമ്മതം നടത്തിയതായും, തനിക്ക് ഇതിൽ ഡിസ്ചാർജ് ലഭിച്ചതായും ലൂയിസ് ഹൈഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെങ്കിലും കാര്യമായ ശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു തരം ശിക്ഷയാണ് ഡിസ്ചാർജ്. ലേബർ പാർട്ടി പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ തന്നെ ഷാഡോ ക്യാബിനറ്റിലെ തന്റെ നിയമന സമയത്ത്, ട്രാൻസ്‌പോർട് സെക്രട്ടറി തന്റെ ഡിസ്ചാർജ് പ്രഖ്യാപിച്ചിരുന്നതായി വൈറ്റ് ഹോൾ വൃത്തങ്ങൾ നേരത്തെ അറിയിച്ചു. പോലീസിനെ തെറ്റായ മൊഴി നൽകിയ ലൂയിസ് ഹൈഗിൻ്റെ നടപടിക്കെതിരെ പ്രതിപക്ഷം കർശനമായി വിമർശനം ഉന്നയിച്ചിരുന്നു. പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ആശങ്കപരമാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് പാർട്ടി ചെയർ നൈജൽ ഹഡിൽസ്റ്റൺ നടത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഒരാളെ തന്റെ ക്യാബിനറ്റിൽ അപ്പോയിന്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ട്രാൻസ്പോർട്ട് സെക്രട്ടറി മെട്രോപൊളിറ്റൻ പോലീസിൽ പ്രത്യേക കോൺസ്റ്റബിളായിരുന്നു. 2009 നും 2011 നും ഇടയിൽ സൗത്ത് ലണ്ടൻ ബറോ ഓഫ് ലാംബെത്തിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കള്ളം പറഞ്ഞതിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ടി വന്ന വാർത്ത അതിവേഗമാണ് യുകെയിലെ മലയാളികളുടെ ഇടയിലെ ചർച്ചകളിൽ ഇടംപിടിച്ചത്. കേരളത്തിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാനായി മുൻമന്ത്രിയും ജനപ്രതിനിധിയുമായ ആൻറണി രാജു എംഎൽഎ തെളിവുകളിൽ കൃത്രിമത്വം കാണിച്ച വാർത്തകളുമായാണ് ഇത് പലരും കൂട്ടി വായിച്ചത്. 34 വർഷം മുൻപ് നടന്ന കേസിൽ എംഎൽഎ കുറ്റവിചാരണയെ നേരിടണമെന്ന് ഹൈക്കോടതി അടുത്തയിടെ വിധിച്ചത് വൻ വാർത്താ പ്രാധാന്യം കൈവന്നിരുന്നു. 1990 ഏപ്രില്‍ 4 നാണ് ഉൾവസ്ത്രത്തില്‍ ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി പ്രതിക്ക് പാകമാകാത്ത രീതിയിൽ മാറ്റം വരുത്തി തിരിച്ചു നൽകിയെന്നാണ് ആരോപണം. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് സെഷൻസ് കോടതി പത്ത് വർഷം ശിക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി പിന്നീട് വെറുതെ വിട്ടത്.