കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐ.പി.സി. 304 എ) പ്രകാരമാണു കേസ്.
എഫ്.ഐ.ആർ. തയ്യാറാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എഫ്.ഐ.ആറിൽ ഡ്രൈവർ ഗുരുതരകുറ്റം ചെയ്തതായുള്ള പരാമർശത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്.
കാറോടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവിൽ നടപടിയെടുക്കാത്തത്.
Leave a Reply