ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷവും ഇംഗ്ലണ്ടിൽ ഏറ്റവും ജനപ്രിയ പേരുകളുടെ മുൻപന്തിയിൽ എത്തിയത് മുഹമ്മദ് ആണ് . കഴിഞ്ഞ വർഷത്തിനു സമാനമായി പെൺകുട്ടികളുടെ പേരുകളുടെ മുൻപന്തിയിൽ ഒലിവിയ തുടരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) പുറത്തു വിട്ട കണക്കുകളാണ് ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് കൊടുക്കുന്ന ജനപ്രിയ പേരുകളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.
2016 മുതൽ ആദ്യ 10 പേരുകളിലുള്ള മുഹമ്മദ് എന്ന നാമം കഴിഞ്ഞവർഷം 2022 – ലാണ് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. നേരത്തെ നോഹ എന്ന പേരായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 4661 കുട്ടികൾ ആണ് കഴിഞ്ഞ വർഷം മുഹമ്മദ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടത്. നോഹയ്ക്ക് 4382 രജിസ്ട്രേഷനെ ഉള്ളൂ. രാജകീയ പേരുകൾക്ക് ജനപ്രീതി കുറഞ്ഞതും 2023ന്റെ പ്രത്യേകതയാണ്. ചാൾസ്, ജോർജ്ജ്, ഷാർലറ്റ്, എലിസബത്ത് തുടങ്ങിയ രാജകീയ പേരുകളെല്ലാം പുറകിലേക്ക് പിൻ തള്ളപ്പെട്ടു.
അതേസമയം, ഒലീവിയ, അമേലിയ, ഇസ്ല എന്നീ പേരുകൾ തുടർച്ചയായി രണ്ടാം വർഷവും പെൺകുട്ടികളുടെ പേരുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വെയിൽസിലും ഒലിവിയ ആണ് ഒന്നാം സ്ഥാനത്ത് . 2906 പെൺകുട്ടികൾക്കാണ് ഒലിവിയ എന്ന നാമകരണം ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ഇഷ്ടപ്പെടുന്ന പേരുകളുടെ പട്ടികയിൽ പുതിയ പേരുകളും ഇടം പിടിച്ചിട്ടുണ്ട്. ജാക്സ്, എൻസോ, ബോധി എന്നീ പേരുകളാണ് ആൺകുട്ടികളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഹാസൽ ലൈല, ഓട്ടോമൻ, നെവാഹ്, റായ എന്നിവയാണ് പെൺകുട്ടികളുടെ പട്ടികയിൽ ഇടംപിടിച്ച പുതിയ പേരുകൾ. ജനപ്രിയ സിനിമകളുടെയും മറ്റും സ്വാധീനം കുട്ടികൾക്ക് പേര് കൊടുക്കുന്നതിൽ വന്നിട്ടുണ്ടന്നാണ് ഒ എൻ എസിൻ്റെ പട്ടികയിൽ വെളിവായത് . രാജകീയ പേരുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത നാമങ്ങൾ പിൻ തള്ളപ്പെട്ടതിൽ ആധുനികതയുടെ സ്വാധീനം ഉണ്ടന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് രേഖപ്പെടുത്തിയത്.
Leave a Reply