ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈന് 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ആയുധങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റെയിൽവേസ്റ്റേഷനിൽ അഭയാർഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. സ്റ്റാർസ്ട്രീക്ക് വിമാനവേധ മിസൈലുകളും 800 ടാങ്ക് വേധ മിസൈലുകളും ഉൾപ്പെടെ കൂടുതൽ സൈനിക ഉപകരണങ്ങൾ യുകെ അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കിഴക്കൻ യുക്രൈനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ മരിച്ചത് പിന്നാലെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കവേ ക്രാമാറ്റോർസ്ക് സ്റ്റേഷനിൽ നടന്ന ആക്രമണത്തിന് റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ജോൺസൺ മുന്നറിയിപ്പുനൽകി.

റഷ്യയുടെ അധിനിവേശത്തെ തടയാനായി യുകെ മാസ്റ്റിഫ് വാഹനങ്ങളും യുക്രൈന് നൽകുമെന്ന് പ്രതിരോധ സെക്രട്ടറിബെൻ വാലസ് പറഞ്ഞു. റോഡ് പെട്രോളിനും വാഹനവ്യൂഹങ്ങൾക്കും അനുയോജ്യമായ വാഹനമാണ് മാസ്റ്റിഫുകൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വാഹനങ്ങളിൽനിന്ന് സെൻസിറ്റീവ് ഉപകരണങ്ങൾ നീക്കം ചെയ്യുകയും ബ്രിട്ടീഷ് സൈന്യത്തെ അയൽ രാജ്യത്തിന്റെ പരിശീലനത്തെ സഹായിക്കാനായി വിടുകയും ചെയ്യും.