ഡോ. ഐഷ വി

ട്രാൻജൻ്ററിലെ വൈവിധ്യവും സമൂഹത്തിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വയം തോന്നുന്ന പ്രശ്‌നങ്ങളും വ്യക്തമായി അവതരിപ്പിക്കുന്ന വൈജ്ഞാനിക തലത്തിൽ കൂടി വായിക്കാവുന്ന ആത്മകഥയാണ് വിജയരാജമല്ലികയുടെ മല്ലികാ വസന്തം. അർദ്ധനാരീശ്വര സങ്കല്പം ദൈവങ്ങളുടെ കാര്യത്തിൽ ഭക്തിയോടെ സ്വീകരിക്കാൻ തയ്യാറാകുന്ന മനുഷ്യർ , അത് മനുഷ്യരുടെ കാര്യത്തിൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ആൺ പെൺ ലിംഗങ്ങളെ ദ്വന്ദങ്ങളിൽ ഒതുക്കാനാണ് സമൂഹത്തിന് എപ്പോഴും താത്പര്യം . പ്രകൃതിയുടെ വികൃതി കൊണ്ട് XX അല്ലെങ്കിൽ XY ആകുന്നതിന് പകരം XXX അല്ലെങ്കിൽ XXY യോ മറ്റു രീതികളിലോ ആയിപ്പോയാലോ സമൂഹം അവരെ മനുഷ്യനായി സ്വീകരിക്കാൻ തയ്യാറാകാത്ത മനോഭാവത്തെ വിജയരാജമല്ലിക എന്ന XXY ക്രോമസോമുകളോടു കൂടി ജനിച്ച വ്യക്തി നിശിതമായി വിമർശിക്കുന്നുണ്ട്.

അച്ഛനുമമ്മയും ഉദ്യോഗസ്ഥരായിരുന്നിട്ടും ചേച്ചിയുടെ ഭർത്താവ് ഡോക്ടറായിരുന്നിട്ടും അവർ ഡിഗ്രിയ്ക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ റാങ്ക് ഹോൾഡർ ആയിരുന്നിട്ടും അവരുടെ കവിതകൾ രണ്ട് യൂണിവേഴ്സിറ്റികളിൽ പാഠഭാഗമായിട്ടും അവരുടെ അമ്മ അവരെ ഒരു വ്യക്തിയായി അംഗീകരിക്കാനോ അവരുടെ അവസ്ഥയെ അതേ രീതിയിൽ ഉൾക്കൊള്ളാനോ തയ്യാറായില്ല എന്ന വസ്തുത അവർ ദുഃഖത്തോടെ വരച്ചിടുന്നുണ്ട്. ഒരു ട്രാൻസ്ജെൻ്റർ വ്യക്തിയെ വീട്ടുകാർ ഉൾക്കൊണ്ടില്ലെങ്കിൽ സമൂഹം ഉൾക്കൊണ്ടെന്നും കൊണ്ടില്ലെന്നും വരാം. അവരുടെ ജനിതകാവസ്ഥ എന്തായിരുന്നാലും വ്യക്തിയെ വ്യക്തിയായി ഉൾക്കൊള്ളേണ്ടതിനെ കുറിച്ച് വിജയരാജമല്ലിക തൻ്റെ പുസ്തകത്തിലൂടെ ശക്തമായി വാദിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനു ജെ കൃഷ്ണനിൽ നിന്ന് വിജയരാജ മല്ലികയിലേയ്ക്കുള്ള ട്രാൻസിഷനാണ് *മല്ലികാ വസന്തം*എന്ന കൃതിയിലൂടെ നമുക്ക് അനുഭവേദ്യമാകുന്നത്. സ്കൂളിലും കോളേജിലും സമൂഹത്തിലും അവർ അനുഭവിച്ച കളിയാക്കലുകൾ, ഒറ്റപ്പെടലുകൾ, പ്രയാസങ്ങൾ ഒക്കെ ഈ കൃതിയിൽ നന്നായി പ്രതിപാദിക്കുന്നുണ്ട്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാൻ കടുക്കാ വെള്ളം കുടിയ്ക്കുന്നതും വൈജനൽ പ്ലാസ്റ്റിയുടെ വിശദാംശങ്ങളും നിംഫോമാനിയാക്കിൻ്റെ അവസ്ഥകളും നമുക്ക് വൈജ്ഞാനിക തലത്തിൽ വായിക്കാവുന്ന ഭാഗങ്ങളാണ്.

ഈ കൃതി വായിക്കുന്നതിലൂടെ സമൂഹത്തിന് ട്രാൻസ് ജെൻററിനോടുള്ള മനോഭാവം ഏറെക്കുറേ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഡോ. ഐഷ വി : കൊല്ലം സ്വദേശിനി. കർഷക , സാമൂഹൃപ്രവർത്തക, എഴുത്തുകാരി , കുസാറ്റിൽ നിന്നും കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി. 30 വർഷമായി അധ്യാപന രംഗത്തുണ്ട്. 14 വർഷത്തിലേറെയായി ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോളേജുകളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പ്രിൻസിപ്പാൾ . ആനുകാലികങ്ങളിലും ജേർണലുകളിലും എഴുതിയിട്ടുണ്ട് . മലയാളം യുകെ ഡോട്ട് കോമിൽ 140 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃത സഞ്ജിവനി, Generative AI and Future of Education in a Nutshell എന്നിവ കൃതികൾ.