ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെളിവുകളോ വിചാരണയോ കൂടാതെ ആയിരക്കണക്കിന് സ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ കേംബ്രിഡ്ജ് സർവകലാശാല മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. 1561 മുതൽ 20-ാം നൂറ്റാണ്ടിൻ്റെ ആരംഭം വരെയും, കേംബ്രിഡ്ജ് പട്ടണത്തിൽ തെറ്റ് ചെയ്‌തതായി സംശയിക്കുന്ന സ്ത്രീകളെ അറസ്റ്റുചെയ്യാനും തടവിലാക്കാനും കേംബ്രിഡ്ജ് സർവകലാശാലയ്ക്ക് അധികാരം ഉണ്ടായിരുന്നു. നേരം വൈകിയതിന് ശേഷവും പുരുഷന്മാരായ വിദ്യാർഥികളോടൊപ്പം കണ്ടെത്തിയിരുന്ന തൊഴിലാളി വർഗ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നത്.

വേശ്യകളാണെന്ന സംശയത്തിൽ, ഈ സ്ത്രീകളെ, പലപ്പോഴും നിർബന്ധിതമായി തടഞ്ഞുവയ്ക്കുകയും, സ്പിന്നിംഗ് ഹൗസ് എന്നറിയപ്പെടുന്ന സർവകലാശാലയുടെ സ്വകാര്യ ജയിലിൽ പാർപ്പിക്കുകയും ചെയ്‌തിരുന്നു. സ്ത്രീകളെ തടവിലാക്കാൻ ഉത്തരവിടുന്നത് സർവകലാശാലയുടെ വൈസ് ചാൻസലർ ആണ്. ഈ ശിക്ഷ പലപ്പോഴും ആഴ്ചകളോളം നീണ്ട് നിന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രം, 5,000-ത്തിലധികം സ്ത്രീകളെ ഈ നിയമത്തിൻെറ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌തിരുന്നു. ന്യായമായ വിചാരണയോ സ്വയം പ്രതിരോധിക്കാനുള്ള അവസരമോ നിഷേധിച്ചു കൊണ്ടായിരുന്നു ഈ നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറസ്റ്റുകൾ ദേശീയ നിയമത്തിൻ്റെ ലംഘനത്തെ അടിസ്ഥാനമാക്കിയല്ലാത്തതിനാൽ തെറ്റ് ചെയ്‌തതിൻെറ വിശ്വസനീയമായ തെളിവുകളൊന്നും ആവശ്യമായിരുന്നില്ല. ചരിത്രകാരിയായ കരോലിൻ ബിഗ്‌സിൻെറ ദി സ്പിന്നിംഗ് ഹൗസ്: ഹൗ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലോക്ക്ഡ് വുമൺ ഇൻ ഇറ്റ്സ് പ്രൈവറ്റ് പ്രിസൺ എന്ന പുസ്തകത്തിൽ, ഈ ചരിത്രപരമായ അനീതി തുറന്നുകാട്ടുന്നുണ്ട്. സംശയത്തിൻ്റെയും സാമൂഹിക മുൻവിധികളുടെയും അടിസ്ഥാനത്തിൽ അന്യായമായി ശിക്ഷിക്കപ്പെട്ട ഈ സ്ത്രീകളോട് മാപ്പ് പറയുകയോ തങ്ങളുടെ തെറ്റ് അംഗീകരിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ഈ നിയമത്തിൻെറ അടിസ്ഥാനത്തിൽ പല സ്ത്രീകളെയും ഒന്നിലധികം തവണ രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്ക് തടവിലാക്കിയിരുന്നു. അറസ്റ്റിനെ നിയമപരമായി വെല്ലുവിളിച്ച് ധീരമായ നടപടി സ്വീകരിച്ച നാല് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ബിഗ്‌സിൻ്റെ പുസ്തകം. 1891-ൽ, സർവ്വകലാശാലയുടെ നടപടികളോടുള്ള പൊതുജന രോഷം കാര്യമായ മാറ്റത്തിന് കാരണമായി. പിന്നാലെ കുറ്റാരോപിതരായ സ്ത്രീകൾക്ക് നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശം ലഭിച്ചു. ഇതിന് വഴിത്തിരിവായത് സർവകലാശാലയിലെ ഒരു അംഗത്തോടൊപ്പം നടന്നതിന്” അറസ്റ്റിലായ ഡെയ്‌സി ഹോപ്കിൻസ് എന്ന 17 വയസ്സുകാരിയുടെ കേസ് ആണ്. ഇന്നും നിയമപരമായ സന്ദർഭങ്ങളിൽ ഹേബിയസ് കോർപ്പസിൻെറ ഉത്തമ ഉദാഹരണമായി ഈ കേസ് എടുത്തു കാണിക്കാറുണ്ട്. 1894-ഓടെ ലൈംഗികത്തൊഴിലാളികൾ എന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനുമുള്ള വൈസ് ചാൻസലറുടെ അധികാരം ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിൽ തങ്ങൾ തെറ്റ് ചെയ്‌തെന്ന് സർവകലാശാല അംഗീകരിക്കണമെന്ന് ബിഗ്‌സ് ആവശ്യപ്പെട്ടു. ഇതുവരെ സംഭവത്തോട് കേംബ്രിഡ്ജ് സർവകലാശാല പ്രതികരിച്ചിട്ടില്ല.