ജോമോൻ കുര്യാക്കോസ്

ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എരിശ്ശേരി. വിവിധയിടങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇതിൽ മത്തങ്ങ എരിശ്ശേരി പലപ്പോഴും സദ്യയിൽ പ്രധാനമാണ്. സാധാരണ മത്തങ്ങ എരിശ്ശേരിയിൽ നിന്നും അല്പം വ്യത്യസ് തത നിറഞ്ഞതാണ് ഈ പാചകകൂട്ട്. ഇവിടെ മത്തങ്ങയോടൊപ്പം വെള്ളപ്പയറും ( ലോബിയ ) എരിശ്ശേരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപകരം വൻപയറും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ അല്പം മധുരമയം കൂടി ഉണ്ട്. മത്തങ്ങയും പയറും വേവിച്ച ശേഷം അതിലേക്ക് ആവശ്യമായ അരപ്പ് ഒഴിച്ച്, പിന്നീട് കടുക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.

 

ആവശ്യമായ സാധനങ്ങൾ

വെഡ് ജ് രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച മത്തങ്ങ – 400-450 ഗ്രാം

വെള്ളപ്പയർ അഥവാ ലോബിയെ ബീൻസ് – 1/2 കപ്പ്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

മുളകുപൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത്- 3/4 കപ്പ്

ജീരകം- 1/2 ടീസ്പൂൺ

പച്ചമുളക്-1

താളിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

കറിവേപ്പില -12 മുതൽ 15 എണ്ണം

കടുക്- 1/2 മുതൽ 3/4 ടീസ്പൂൺ

ചുവന്നമുളക്- 1 മുതൽ 2
( മുഴുവനായോ, മുറിച്ചോ, അരി കളഞ്ഞോ ഉപയോഗിക്കാം)
തേങ്ങ ചിരകിയത്- 2 മുതൽ 3
ടേബിൾസ്പൂൺ
വെളിച്ചെണ്ണ/ വെജിറ്റബിൾ ഓയിൽ-
1 മുതൽ 1.5 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം
1. വെള്ളപയർ നന്നായി കഴുകിയെടുത്ത് രണ്ട് മുതൽ രണ്ടര കപ്പ് വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വേവിച്ചശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് പയർ മാറ്റിവയ്ക്കുക.

2. മത്തങ്ങ കഷണങ്ങളായി മുറിച്ചതിനുശേഷം കഴുകിയെടുത്ത് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി അല്പസമയം വച്ച ശേഷം, മൈക്രോവേവ് അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക.

3. പിന്നീട് മത്തങ്ങ കഷണങ്ങൾ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിൽ വേവിക്കുക.

4. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

5. പാൻ അടച്ചുവെച്ച് മത്തങ്ങാ കഷണങ്ങൾ12 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

6. മത്തങ്ങ വേവിച്ചെടുക്കുന്ന സമയത്ത് പാനിലെ വെള്ളം വറ്റാതെ ശ്രദ്ധിക്കണം. വെള്ളം കുറയുകയാണെങ്കിൽ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.

7. മത്തങ്ങ വേവുന്നതിനിടയിൽ, അരപ്പിനാവശ്യമായ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയിൽ അര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

8. വേവിച്ചെടുത്ത മത്തങ്ങ കഷണങ്ങളിലേക്ക്, അരപ്പൊഴിച്ച ശേഷം, വേവിച്ചെടുത്ത വെച്ച വെള്ള പയറും കൂടി ചേർക്കുക.

9. അരക്കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് 10 മുതൽ 12 മിനിറ്റ് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. കറി കുറുകുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇതിനു ശേഷം കറി അടച്ചു മാറ്റിവയ്ക്കുക.

10. താളിക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേർക്കുക. കറിവേപ്പില മൂത്ത ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത്, ചെറിയ മഞ്ഞ നിറമാകുന്നതുവരെ ഇളക്കുക.

11. ചെറിയ തീയിൽ കരിഞ്ഞു പോകാതെ തേങ്ങ ഇളക്കി എടുക്കേണ്ടതാണ്.

12. തേങ്ങ മഞ്ഞനിറം ആകുമ്പോഴേക്കും ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.