ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി അത്ര സുഖകരമായ ബന്ധമല്ല. ബ്രെക്സിറ്റിനെ തുടർന്നുള്ള സംഭവങ്ങളാണ് അതിനു കാരണം. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നത് മറ്റ് അംഗങ്ങൾക്ക് കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. അത് മാത്രമല്ല കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് യൂറോപ്യൻ യൂണിയനിലെ വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നതിനായി ഇളവുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും യുകെയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായിരുന്നില്ല. ഇത് ഉൾപ്പെടെ ഇരുവിഭാഗങ്ങളും തമ്മിൽ സാമ്പത്തിക കയറ്റുമതി രംഗങ്ങളിൽ തണുത്ത സമീപനമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ യൂറോപ്യൻ യൂണിയനുമായി കൂടുതൽ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി ലേബർ പാർട്ടി സർക്കാർ മുൻകൈ എടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയും ഇയുവും തമ്മിലുള്ള അടുത്ത ബന്ധം രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് യൂറോ ഗ്രൂപ്പിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് അതിൻറെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുകയും പരസ്പര സഹകരണത്തിലൂടെ ഇരു കൂട്ടരുടെയും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നതെന്ന് അവർ പറഞ്ഞു. ബ്രസൽസിൽ നടക്കുന്ന യൂറോ ഗ്രൂപ്പ് ധനമന്ത്രിമാരുടെ യോഗത്തിലാണ് ചാൻസിലർ തൻറെ അഭിപ്രായം പ്രകടിപ്പിച്ചത്.
യൂറോപ്യൻ യൂണിയൻ വീണ്ടും ചേരുന്നത് ലേബർ പാർട്ടിയുടെ നയമല്ലെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നെങ്കിലും യൂറോപ്യൻ യൂണിനുമായുള്ള ബന്ധം ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നതായി ചാൻസിലർ ആവർത്തിച്ചു പറഞ്ഞു. എന്നാൽ യുകെയുടെ വളർച്ചയ്ക്ക് താല്പര്യമുണ്ടെങ്കിൽ യുഎസുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിന് ലേബർ സർക്കാർ പരിശ്രമിക്കണമെന്ന് ചാൻസിലറിൻ്റെ ഇ യു പ്രേമത്തെ കുറിച്ച് ഷാഡോ ബിസിനസ് സെക്രട്ടറി ആൻഡ്രൂ ഗ്രിഫിത്ത് പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്ക് പ്രധാനപ്പെട്ട കാര്യം കയറ്റുമതി വർദ്ധിപ്പിക്കുകയാണെന്ന അഭിപ്രായമാണന്നും ഈ രംഗത്ത് കഷ്ടപ്പെടുകയാണെന്ന വിമർശനമാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രകടിപ്പിച്ചത്. ഏകദേശം 50,000 ബിസിനസ് സ്ഥാപനങ്ങളെയാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധീകരിക്കുന്നത്. യുകെയിലെ സ്ഥാനങ്ങൾ നിയന്ത്രിക്കുന്നതിന് ഭരണകൂടത്തിന്റെ നൂലാമാലകൾ തടസ്സം സൃഷ്ടിക്കുകയാണെന്ന വിമർശനമാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്സിന് ഉള്ളത്.
Leave a Reply