എന്നും ഒരുമിച്ചായിരുന്നു അവർ. കളിക്കാനാണെങ്കിലും പഠിക്കാനാണെങ്കിലും. ചങ്ങാത്തച്ചരടിൽ കോർത്തവർ. ചെറുള്ളി ഗ്രാമത്തിൽ അടുത്തടുത്തായി താമസിക്കുന്നവർ. അവധിദിവസങ്ങളിലടക്കം നാലുപേരും ഒത്തുകൂടും. മരണത്തിലും വേർപിരിയാത്ത ആ കൂട്ടുകാർ നാടിന്റെ തീരാനോവായി.
കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ പി.എ. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.
അപകടസ്ഥലത്തുനിന്ന് 300 മീറ്റർകൂടി പിന്നിട്ടാൽ ഇവർ വീടുകളിൽ എത്തുമായിരുന്നു.
മദ്രസപഠനംമുതൽ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളിൽ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളിൽ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. പൊന്നോമനകൾക്ക് സംഭവിച്ച ദുരന്തം വീട്ടുകാർ അറിഞ്ഞതും വൈകിയായിരുന്നു. ഒരുകുട്ടിയുടെ വാച്ചുകണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അതോടെ ചെറുള്ളിയൊന്നാകെ സങ്കടക്കടലിലായി.
മുൻപ് ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൂരമുള്ളൂ.
Leave a Reply