സംസ്ഥാനത്ത് വീട്ടില്‍ പ്രസവം നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. വീട്ടില്‍ പ്രസവം നടത്തുന്നതിന് പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരുടെ കുടുംബസംഗമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഘത്തില്‍ ഡോക്ടര്‍മാരും അധ്യാപകരുമെല്ലാം ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. 2023 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ കേരളത്തില്‍ 523 വീട്ടുപ്രസവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 200 പ്രസവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം പ്രസവം വീട്ടില്‍ നടന്നത് മലപ്പുറത്താണെന്ന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിന് വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി മലപ്പുറത്ത് ഇരുനൂറില്‍ കൂടുതല്‍ പ്രസവങ്ങളാണ് ഇത്തരത്തില്‍ നടന്നിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവല്‍കരണങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എങ്കിലും രഹസ്യമായും പരസ്യമായും ഇത്തര പ്രസവങ്ങള്‍ തുടരുന്നുണ്ട്. സമാന്തര ചികിത്സാ സംഘങ്ങളും ചില സാമുദായിക സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് വിവരം. സ്ത്രീക്ക് താത്പര്യമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ച് വീട്ടില്‍ പ്രസവിപ്പിക്കുന്ന സംഭവങ്ങളും ഉണ്ട്.
വയറ്റാട്ടിമാരെവെച്ചാണ് പ്രസവമെടുപ്പിക്കുന്നത്. ചിലര്‍ സ്വയംചെയ്യാന്‍ ശ്രമിക്കുന്നു. രക്തസ്രാവംമൂലം ഗുരുതരാവസ്ഥയിലാകുമ്പോഴാണ് ആശുപത്രിയിലെത്തിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കവേ കുഞ്ഞിന്റെ തലമാത്രം പുറത്തുവന്ന നിലയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ച സംഭവം മലപ്പുറത്തുണ്ടായിരുന്നു. ആ കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ശിശുമരണങ്ങള്‍ പലതും വീട്ടുകാര്‍ സഹകരിക്കാത്തതിനാല്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നും ഉണ്ട്. മലപ്പുറത്ത് ലക്ഷദ്വീപില്‍ നിന്ന് പോലും പ്രസവിക്കാന്‍ സ്ത്രീകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി നിരാഹാരമിരിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ആശുപത്രികളിലെത്തിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തേവര്‍കടപ്പുറത്തെ ഒരു വീട്ടില്‍ ഒന്‍പത് പ്രസവിച്ച യുവതിയുടെ പത്താമത്തെ പ്രസവം ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയിരുന്നു.
വീടുകളില്‍ പ്രസവിക്കുന്ന കേസുകളില്‍ കുഞ്ഞിന് ലഭിക്കേണ്ട പ്രധാനപ്പെട്ട പരിചരണങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങള്‍, ഹൃദയസംബന്ധമായ തകരാറുകള്‍, കേള്‍വി സംബന്ധവും കാഴ്ചസംബന്ധവുമായ കുഴപ്പങ്ങള്‍, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം പ്രസവാനന്തരം പരിശോധിച്ച് പരിഹാരങ്ങള്‍ ചെയ്യുന്നുണ്ട്. അതൊന്നും ഇക്കൂട്ടര്‍ക്ക് ലഭിക്കില്ല. ജനനത്തിലുണ്ടാകുന്ന കുഴപ്പങ്ങള്‍ കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ രോഗിയാകുകയോ മരിക്കുകയോ ചെയ്യാം. വീട്ടുപ്രസവങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പിനോടൊപ്പം പൊലീസിന്റെ സഹകരണവും ഉണ്ടാകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
Leave a Reply