ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത കുടിയേറ്റ വിരുദ്ധ വികാരം ഉയർത്തിയാണ് കെയർ സ്റ്റാർമർ സർക്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള കണക്കുകൾ കുറയ്ക്കേണ്ടത് സർക്കാരിന് അനിവാര്യമാണ്. ലേബർ പാർട്ടി അധികാരത്തിലെത്തിയതിനു ശേഷം 2019 -ന് ശേഷമുള്ള 6 മാസത്തേക്കാൾ കൂടുതൽ അനധികൃത കുടിയേറ്റക്കാരെ യുകെയിൽ നിന്ന് നീക്കം ചെയ്തതായി ഹോം ഓഫീസിന്റെ വെളിപ്പെടുത്തലിന് ഈ പശ്ചാത്തലത്തിൽ വൻ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ജൂലൈയിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് ശേഷം ഏകദേശം 13,460 പേരെ തിരിച്ചയച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു. അധികാരത്തിലെത്തിയതിനുശേഷം അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള സുരക്ഷാ നടപടികൾ തങ്ങളുടെ ഗവൺമെൻറ് ഫലപ്രദമായി നടപ്പിലാക്കിയെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . എന്നാൽ പുറത്തുവരുന്ന കണക്കുകൾ അത്ര ശുഭകരമല്ല . ജൂലൈ 5 മുതലുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ 21 ,306 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ രാജ്യത്ത് എത്തിയിട്ടുണ്ട്. ഈ വ്യാഴാഴ്ച മാത്രം 609 പേർ ആണ് എത്തിച്ചേർന്നത്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ അനധികൃത കുടിയേറ്റത്തിൽ യുകെയിൽ എത്തിയ ഡിസംബർ മാസമാണ് 2024 ലേത് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഈ വർഷം ഇതുവരെ 34880 പേർ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവ് ആണ് ഈ കണക്കുകൾ കാണിക്കുന്നത്. എന്നാൽ 2022 – ലെ കുടിയേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകളിൽ 22 ശതമാനം കുറവുണ്ട് എന്നാണ് ഗവൺമെന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി ശക്തമായി വിമർശനം ഉന്നയിച്ചു.
Leave a Reply