190 മില്യൺ കോവിഡ് വാക്സിനുകൾ ഓർഡർ ചെയ്ത് യുകെ സർക്കാർ. ജനങ്ങളുടെ ആരോഗ്യം തന്നെ മുഖ്യം

190 മില്യൺ കോവിഡ് വാക്സിനുകൾ ഓർഡർ ചെയ്ത് യുകെ സർക്കാർ. ജനങ്ങളുടെ ആരോഗ്യം തന്നെ മുഖ്യം
July 20 16:38 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് പൂർണമായും മുക്തി നേടാൻ ഒരു വാക്സിൻ കൂടിയേ തീരൂ. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകി 190 മില്യൺ കോവിഡ് വാക്സിനുകൾ ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തു. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനുകളുടെ 90 മില്യൺ ഡോസുകൾക്കായി യുകെ സർക്കാർ ഇപ്പോൾ കരാർ ഒപ്പിട്ടു. ഓസ്ട്രോസെനേക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിന്റെ 100 മില്യൺ ഡോസുകൾക്ക് മീതെയാണ് ഈ പുതിയ കരാർ. എന്നിരുന്നാലും, ഏത് പരീക്ഷണാത്മക വാക്സിനുകൾ ഫലപ്രദമാകുമെന്ന് ഇപ്പോഴും നിശ്ചയമില്ല. ജീവിതം സാധാരണ നിലയിലാക്കാനുള്ള ഏറ്റവും മികച്ച നീക്കമായി ഒരു വാക്സിൻ കണക്കാക്കപ്പെടുന്നു. ലോകമെമ്പാടും ഇതിനകം തന്നെ ഇരുപതിലധികം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. ജനിതകമായി രൂപകൽപ്പന ചെയ്ത വൈറസിൽ നിന്ന് നിർമ്മിച്ച ഓക്സ്ഫോർഡ് വാക്സിന്റെ 100 മില്യൺ ഡോസുകൾ, ബയോനെടെക് / ഫൈസർ വാക്സിന്റെ 30 മില്യൺ ഡോസുകൾ, വാൽനേവ രൂപകൽപ്പന ചെയ്യുന്ന വാക്സിന്റെ 60 മില്യൺ ഡോസുകൾ എന്നിവയാണ് ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.

ഒരു വാക്സിൻ സൃഷ്ടിച്ചെടുക്കുന്നതിൽ നാം അതിവേഗം മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണെന്ന് ഗവൺമെന്റിന്റെ വാക്സിൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർമാനായ കേറ്റ് ബിൻ‌ഹാം പറഞ്ഞു. ഫലപ്രദമായ വാക്സിൻ ലഭിക്കില്ല എന്ന് പറയുന്നതിനിടയിലും ഒരെണ്ണം ഉണ്ടാക്കിയെടുത്താൽ അത് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്കും അതുപോലെ തന്നെ കൂടുതൽ അപകടസാധ്യതയുള്ളവർക്കും മുൻഗണന നൽകും. 2020 അവസാനത്തോടെ ഒരു വാക്സിൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നു. എന്നാൽ വിശാലമായ പ്രതിരോധ കുത്തിവയ്പ്പ് അടുത്ത വർഷം വരെ ഉണ്ടാവാൻ സാധ്യതയില്ല.

പ്രതിരോധ വാക്സിൻ സൃഷ്ടിക്കുമെന്നതിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അതേസമയം, എൻ‌എച്ച്എസ് കോവിഡ് -19 വാക്സിൻ റിസർച്ച് രജിസ്ട്രി വെബ്‌സൈറ്റ് വഴി യുകെയിൽ വാക്സിനുകളുടെ പരീക്ഷണങ്ങളിൽ അരലക്ഷം ആളുകളെ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വലിയ തോതിലുള്ള എട്ടു കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങൾ യുകെയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ നിലവിലുണ്ടെന്നും ഏതൊക്കെ വാക്സിനുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താൻ പൊതുജനസഹായം കൂടിയേ തീരൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles