ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനുവരി 27 ന് നോൾ വെസ്റ്റ് ഏരിയയിൽ വെച്ച് നടന്ന കത്തിക്കുത്തിലാണ് ഇരകളായ മേസൺ റിസ്റ്റ് (15), മാക്സ് ഡിക്സൺ (16) എന്നിവർക്ക് ജീവൻ നഷ്‌ടമായത്. 18 വയസുകാരനായ റൈലി ടോളിവർ , 17കാരനായ കോഡി-ഷായി വെസ്‌കോട്ട്, 15 ഉം 16 ഉം വയസ്സുള്ള മറ്റ് രണ്ട് പേരും കൂടിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മേസണെയും മാക്സിനേയും ആളുമാറി ഇവർ ആക്രമിക്കുകയായിരുന്നു.
ഇവരുടെ വാഹനം ഓടിച്ചിരുന്ന 45 കാരനായ ഡ്രൈവർ ആൻ്റണി സ്നൂക്കിനെ പ്രത്യേക വിചാരണയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. ശിക്ഷാവിധി കേൾക്കുന്നതിനിടയിൽ, മേസൺ റിസ്റ്റിൻ്റെ സഹോദരി ക്ലോ, പ്രതികളെ ശക്തവും വൈകാരികവുമായ പ്രസ്താവനയുമായി നേരിട്ടു. മൂന്നാം വയസ്സിൽ മേസണെ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയതായി ക്ലോ കോടതിയിൽ വെളിപ്പെടുത്തി.
ഹാർട്ട്ക്ലിഫ് ഏരിയയിലെ അക്രമികളുടെ വീടിന് നേരെ ഇഷ്ടികകൾ കൊണ്ട് മുഖംമൂടി ധരിച്ച യുവാക്കൾ ആക്രമിച്ചിരുന്നു. ഇതിൽ ഒരു സ്ത്രീക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ആൻ്റണി സ്നൂക്കും മറ്റ് മൂന്ന് പേരും പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ചത്. ഈ സമയം പിസ്സ വാങ്ങാനായി ഇറങ്ങിയ മേസൺ റിസ്റ്റും മാക്‌സ് ഡിക്‌സണും ആണ് തങ്ങൾക്ക് നേരേ അക്രമണം നടത്തിയതെന്ന് തെറ്റിദ്ധരിച്ച് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ബേസ് ബോൾ ബാറ്റും കത്തിയുമായി നടത്തിയ ആക്രമണത്തിൽ ഇരുവർക്കും മാരകമായി പരുക്കേറ്റു. കുത്തേറ്റതിന് പിന്നാലെ ജനുവരി 28 ന് ആശുപത്രിയിൽ ഇരുവരും മരണത്തിന് കീഴടങ്ങി.
Leave a Reply