ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം വരുമ്പോൾ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദങ്ങളുടെ വ്യാപന ഭീഷണിയിലാണ് ബ്രിട്ടൻ. പ്രതിരോധ കുത്തിവെയ്പ്പുകൾ ഇന്ത്യൻ വേരിയൻ്റിനെതിരെ ഫലപ്രദമാണെന്ന ആത്മവിശ്വാസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് പ്രകടിപ്പിച്ചു. പുതിയ വൈറസ് വകഭേദം മാരകവും കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതുമാണെന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ഒരാഴ്ച കൊണ്ട് പുതിയ വൈറസ് വ്യാപിച്ച കേസുകൾ മൂന്നിരട്ടിയായി ഉയർന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ പുതിയ വൈറസ് വകഭേദം ബാധിച്ച് ബ്രിട്ടനിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന ഭൂരിപക്ഷം ആൾക്കാരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്തി.

ഇതിനിടെ യുദ്ധകാലാടിസ്ഥാനത്തിൽ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകുന്നത് പുരോഗമിക്കുകയാണ്. അടുത്ത ആഴ്ച മുതൽ 35 വയസ്സും അതിനുമുകളിലുള്ളവർക്കും രാജ്യത്ത് വാക്സിൻ നൽകിത്തുടങ്ങും. കൂടുതൽ പേർക്ക് എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകി ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങളെ ചെറുക്കാനാണ് യുകെ പദ്ധതി തയ്യാറാക്കുന്നത്. ഒരു പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത 5 പേരും 2 പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ഒരാളും ആണ് ഇന്ത്യൻ വേരിയൻറ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളത്. കെൻ്റ് വേരിയൻ്റിനേക്കാൾ 40-45 ശതമാനം വ്യാപനശേഷി പുതിയ വൈറസ് വകഭേദത്തിനുണ്ടെങ്കിൽ അത് ആശങ്കാജനകമാണെന്ന് മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.