ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ നിയമിച്ചു. ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന പീറ്റർ മണ്ടൽസണിൻ്റെ നിയമനം കടുത്ത വിമർശനങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ രാജി വയ്ക്കേണ്ടതായി വന്നിരുന്നു. ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്.


നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയും യുഎസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ പുതിയ അംബാസിഡർക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. ട്രംപിന്റെ പുതിയ കയറ്റുമതി ഇറക്കുമതി നയങ്ങൾ യുകെയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ വിപുലമായ താരിഫുകൾ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതുമൂലം യു കെയ്ക്ക് 22 ബില്യൺ പൗണ്ട് കൂടുതൽ ചിലവാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധർ പറയുന്നത്. യു.കെ.യുടെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങളെ യു.എസ്.എയിൽ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യമായ ആളെയാണ് അംബാസിഡറായി നിയമിച്ചതെന്ന് ഗവൺമെൻറ് പ്രതിനിധി പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.