ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്കോട്ട് ലൻഡിന്‍റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. ശനിയാഴ്ചയോടെ പലഭാഗത്തും പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന.
ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സാഹചര്യത്തെ നേരിടാൻ ഭക്ഷണവും തണുപ്പകറ്റാൻ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാർ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈൽ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികൾ മൂലം വെസ്റ്റ് മിഡ് ലാൻഡ് റെയിൽവെ പോലുള്ള ട്രെയിൻ കമ്പനികളുടെ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മാർഗ്ഗനിർദേശം നൽകി . ചില ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോക്‌സിംഗ് ദിനവും ഡിസംബർ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും ധാരാളം യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .
Leave a Reply