സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് പഠനം. സമ്മര്‍ ചൂട് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സണ്‍സ്‌ക്രീനുകളുടെ ഉപയോഗം സംബന്ധിച്ചുള്ള സുപ്രധാന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ത്വക്കിന് സംരക്ഷണം നല്‍കുന്ന ഇവ ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് സ്‌കിന്‍ ക്യാന്‍സറിന് വളംവെക്കുന്നതിന് തുല്യമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കിംഗ്‌സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ബ്രിട്ടനില്‍ ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്.

സണ്‍സ്‌ക്രീനുകള്‍ ശരീരത്തിന് പരിരക്ഷ നല്‍കണമെങ്കില്‍ അത് നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഉപയോഗിക്കണം. മിക്കയാളുകളും ഇവ ശരീരത്തില്‍ വളരെ നേരിയ തോതിലാണ് പുരട്ടാറുള്ളത്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്ന എസ്പിഎഫ് 50 ഉള്ള സണ്‍സ്‌ക്രീനുകള്‍ പോലും 40 ശതമാനത്തോളം സംരക്ഷണം മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കണമെങ്കില്‍ എസ്പിഎഫ് മൂല്യം കൂടുതലുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സുരക്ഷ നല്‍കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അവ എപ്രകാരം ഉപയോഗിക്കുന്നു എന്നത് പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫോട്ടോബയോളജിസ്റ്റ് ആന്റണി യുംഗ് പറഞ്ഞു.

16 വെളുത്ത നിറക്കാരായ വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലവിധത്തില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടി. പിന്നീട് ഇവരില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചു. അതിനു ശേഷം ഇവരുടെ ത്വക്കിലെ ഡിഎന്‍എ ഡാമേജ് പരിശോധിച്ചു. ഇതാണ് സ്‌കിന്‍ ക്യാന്‍സറിലേക്ക് നയിക്കുന്നത്. അതിലൂടെയാണ് എത്ര അളവില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടണമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ എത്തിച്ചേര്‍ന്നത്. 30നു മുകളില്‍ എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാനെന്നാണ് പരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കുന്നത്.