ഷാനോ എം കുമരൻ
കോമനും കോരനും അത്ഭുത പരതന്ത്രരായി ചുറ്റിനും നോക്കി. വിമാന താവളത്തിൽ നല്ല തിരക്കുണ്ട്. ഏറിയ പങ്കും തങ്ങൾ നിൽക്കുന്ന ഇടത്താണ്. ദൂര യാത്രയ്ക്കുള്ളവർ. കോമൻ ഉദ്വേഗത്തോടെ ആരാഞ്ഞു. എന്തിനാ കോരാ ഇത്രയേറെ ആളുകൾ അവിടേയ്ക്കു പോകുന്നെ?
മെല്ലെ ചിരിച്ചിട്ട് കോരൻ തന്റെ വിജ്ഞാനകോശത്തിന്റെ മൂടി തുറന്നു. അതോ, കോമാ അതൊരു വലിയ ചരിത്രമാണ്. മണ്ഡൂക ദേശം എന്നറിയപെടുന്ന ചീവീടുകളുടെ നാട്. ഒരു മഹാ ദ്വീപ് ആണ് മണ്ഡൂകദേശം . നീളൻ കാലുകളുള്ള വെളുത്തു കൊലുന്നനെയുള്ള മനുഷ്യർ വസിക്കുന്ന നാട്. ഈ പ്രപഞ്ചത്തിൽ ഒന്നിനെയും ഭയമില്ലാത്ത വെളുത്ത മനുഷ്യർക്ക് ഒന്നിനെ വല്ലാത്ത വെറുപ്പായിരുന്നു. അവരുടെ കുടിലുകളുടെ മേച്ചിലുകൾക്കിടയിലും കൊട്ടാരക്കെട്ടുകളുടെ വിടവുകളിലും വിജനമായ വെളി നിലങ്ങളിലും കാടുകളിലും മേടുകളിലും എല്ലാം ഒരേ പോലെ വിഹരിച്ചു പാറി പറന്നിരുന്ന പച്ച നിറമുള്ള ചീവീടുകൾ കാതടപ്പിക്കുന്ന അവയുടെ കിരു കിരാ ശബ്ദം അത് ആ നാട്ടിലെ വെളുത്ത മനുഷ്യർക്ക് അരോചകമായിരുന്നു. ചീവീടുകൾ മരത്തിനു മുകളിലും മറ്റും തമ്പടിക്കുവാൻ തുടങ്ങിയതോടെ അവർ വല്ലാതെ ബുദ്ധി മുട്ടി.
ചീവീടുകൾക്കിത്ര ചിമിട്ടോ “? കോമന്റെ കണ്ണുകളിൽ അത്ഭുതം കൂറി.
” നമ്മൾ കാണാൻ പോകുന്നതല്ലേ കോമാ ”
കോരൻ തുടർന്നു …..
കപ്പലിൽ കടൽ ചുറ്റി വന്ന വെളുത്ത മനുഷ്യർക്കിടയിലെ കുള്ളനായി കുള്ളൻ ഗുണ്ടർട്ട് ആണ് പറഞ്ഞത് ഏഴു കടലിനും അക്കരെ കുരങ്ങുകളെ പോലെ ചിതറിയ സ്വഭാവവിഭൂഷിതരായ മനുഷ്യർ തിങ്ങി പാർക്കുന്ന ഒരു നാടുണ്ടത്രെ. കോദണ്ഡദേശം എന്നാണത് അറിയപെടുന്നത്. അധികം നീളമില്ലാത്ത അവർ തങ്ങളുടെ മുണ്ടൻ കാൽ പാദങ്ങൾ ഉപയോഗിച്ച് മരങ്ങളിലും മറ്റും വളരെ എളുപ്പത്തിൽ കയറിച്ചെല്ലുമത്രെ. ചീവീടുകൾ പോലുമറിയാതെ അവർ മരപ്പൊത്തുകളിലും കൂറ്റൻ കെട്ടിടങ്ങളുടെ കൽക്കെട്ടിനുള്ളിലെല്ലാം പരുപരുത്ത കാൽപാദങ്ങൾ ഊന്നി കയറി വിടവുകളിലുമെല്ലാം പതിയിരുന്നു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ചീവീടുകളെ തങ്ങളുടെ പരു പരുത്ത കൈവിരലുകൾ കൊണ്ട് ഇറുക്കിപ്പിടിച്ചു ഞെരിച്ചു കൊല്ലുവാൻ തക്ക മിടുക്കരാത്രേ. ആ മനുഷ്യർ പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്കു മുന്നെയാണ് കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ രാജാവ് സ്വീകാര്യമായെടുത്തത്. അതിനെ തുടർന്ന് സഭാ മേധാവികളുമായി കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ കുറിച്ച് ദീർഘമായ ചർച്ചകളും മറ്റു നിരീക്ഷണങ്ങളും നടത്തി. മറ്റുള്ളവർ പിന്താങ്ങിയതോടെ രാജ കല്പനയുമെത്തി. വെറുമൊരു നാവികനായ കുള്ളൻ ഗുണ്ടർട്ടിനെ നാല് ഗ്രാമങ്ങളുടെ മേധാവിയായി നിയമിച്ചു. ഗുണ്ടർട്ടിന്റെ ഒപ്പം അയാൾക്കാവശ്യമുള്ള പടയാളികളായ നാവികരെ നാല് വലിയ കപ്പലുകളിലായി രാജാവ് കോദണ്ഡ ദേശം എന്ന നാട്ടിലേക്കയ്ച്ചു. കുള്ളൻ ഗുണ്ടർട്ടും സംഘവും നടത്തിയ നിരവധി പരീക്ഷയിൽ വിജയിച്ച രണ്ടായിരത്തിലേറെ കോദണ്ഡ ദേശ വാസികളെ അന്ന് കപ്പലിലേറ്റി മണ്ഡൂകദ്വീപിലേക്കെത്തിച്ചത്. വൈകാതെ നീളമുള്ള വെളുത്ത മനുഷ്യർ ചീവീടുകളുടെ ശല്യമില്ലാതെ സുഖമായി ഉറങ്ങി തുടങ്ങി. നിദ്രയുടെ സുഖം അനിർവ്വചനീയം ആണെന്നവർ തിരിച്ചറിഞ്ഞു.
കോദണ്ഡ ദേശക്കാർ ചോദിച്ചതെല്ലാം മണ്ഡൂക രാജാവ് നൽകി അവർക്കു പാർപ്പിടങ്ങളും ജീവിതമാർഗത്തിനായി തൊഴിലും നൽകി. ലോകത്തിലെല്ലായിടത്തും ഉള്ള മനുഷ്യ വർഗ്ഗങ്ങളിൽ വച്ചേറ്റവും ബുദ്ധിയുള്ളവരായിരുന്നു കോദണ്ഡ ദേശക്കാർ. അവർ നിരവധി ചീവീടുകളെ ആരോരുമറിയാതെ കൂട്ടിലടച്ചു പാർപ്പിച്ചു. ഇളം പുല്ലും മഞ്ഞിൻ കണങ്ങളും നൽകി കരൂത്ത് വയ്പ്പിച്ചു. ഇടയ്ക്കിടെ കുറച്ചെണ്ണത്തിനെ മോചിതരാക്കും. അവറ്റകൾ പാറിപ്പറന്നു പ്രജനനം നടത്തുകയും തദ്ദേശ വാസികളുടെയെല്ലാം ഉറക്കം
കെടുത്തുകയും ചെയ്തു. തുടർന്ന് കോദണ്ഡ ദേശക്കാർ അവറ്റയെ പിടിച്ചു നശിപ്പിക്കുവാനിറങ്ങും. അങ്ങനെ മണ്ഡൂക ദേശത്തിൽ തങ്ങളുടെ ആവശ്യകത അവർ ഊട്ടിയുറപ്പിച്ചു. എന്നാൽ അതിനും പുറമെ ബുദ്ധിശാലികളായ അവർ മണ്ഡൂക രാജാക്കന്മാരുടെ അടുക്കൽ സ്ഥിര വാസത്തിനുള്ള കരാറുകൾ തയ്യാറാക്കി നിയമപരമായി മുദ്രണം ചെയ്തുറപ്പുച്ചു. അവരങ്ങനെ കരാറിന്റെ ഉറപ്പിന്മേൽ പിന്നീട് ചീവീടുകളെ തുറന്നു വിടാതെയായി. അവരുടെ പക്കൽ കുറെയേറെ ചീവീടുകൾ ഉള്ള കാര്യം മണ്ഡൂക ദേശവാസികളൊട്ടറിഞ്ഞില്ല താനും. കോദണ്ഡ ദേശക്കാർ അങ്ങനെ സുഖിമാന്മാരായി തടിച്ചു കൊഴുത്തു. അവർ ദ്രവ്യങ്ങളും പണ്ടങ്ങളുമെല്ലാം കോദണ്ഡ ദേശത്തുള്ള താന്താങ്ങളുടെ ബന്ധു മിത്രാദികൾക്കെത്തിച്ചു കൊടുത്തു അവരെയും സമ്പന്നരാക്കി കൊണ്ടിരുന്നു. ചീവീടുകൾ ഏറെക്കുറെ ചത്തൊടുങ്ങിയിരുന്നു. കോദണ്ഡ ദേശക്കാർ മറ്റു പല ജോലികളിലും വ്യാപൃതരായി സമ്പന്നരായി വളർന്നു കൊണ്ടേയിരുന്നു. സംഘടിതമായ ജീവിത ശൈലിയാണ് നിലനിൽപിന് നല്ലതെന്നു തിരിച്ചറിഞ്ഞ കോദണ്ഡന്മാർ
വിഖ്യാതമായ കോദണ്ഡ മണ്ഡൂക സഭ രൂപീകരിച്ചു. തെരഞ്ഞെടുപ്പുകൾ നടത്തുകയും പ്രമാണിമാരായ മാന്യന്മാർ സ്ഥാനമാനങ്ങൾ ഏൽക്കുകയും ചെയ്തു. ഓരോരോ കൊല്ലങ്ങളിൽ കസേരകൾക്കു വേണ്ടി കോദണ്ഡ സഭകളിൽ വാക്കേറ്റവും കശപിശകളും സർവ്വ സാധാരണമായി. വർഷങ്ങൾ പലതു കഴിഞ്ഞു. രാജ്യസഭകളിലും മറ്റുമെല്ലാം കോദണ്ഡ ദേശക്കാർ കടന്നു കയറി തുടങ്ങി. കോദണ്ഡന്മാരുടെ വളർച്ചയിൽ മണ്ഡൂകന്മാർ അസൂയാലുക്കളായി. വിദേശികളെ ഓടിക്കുന്നതിനു വേണ്ടി വെളുത്തവർ തക്കം പാർത്തിരുന്നു. അതിനവർ പലതരം ഉപായങ്ങൾ നോക്കിയെങ്കിലും ഫലവത്തായില്ല. കാലങ്ങൾ കടന്നു പോയി പരിഷ്കാരങ്ങൾ ലോകമെങ്ങും കയ്യടക്കി. കൂടുതൽ ശക്തി പ്രാപിക്കുന്നതിലേക്കായി ബുദ്ധി രാക്ഷസന്മാരായ കോദണ്ഡന്മാർ കാലങ്ങളായി കൈവശം വച്ചിരുന്ന ചീവീടുകളെ കൂടി തുറന്നു വിട്ടു. ചീവീടുകൾ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുവാൻ നൂതന മാർഗങ്ങൾ കൈവശപ്പെടുത്തിയ കോദണ്ഡ ദേശത്തെ പരിഷ്കാരികളായ പുതു തലമുറയെ മണ്ഡൂക ദേശത്തു എത്തിക്കുവാൻ തദ്ദേശീയരും വിദേശികളും തമ്മിൽ ധാരണയായി എന്നാൽ
പുതിയ തലമുറയിലെ കോദണ്ഡന്മാർ അതീവ ബുദ്ധിശാലികളായിരുന്നു. അവർ ഉയർന്ന വേതനവും മുന്തിയ ജീവിത സൗകര്യങ്ങളും ആവശ്യമായി മുന്നോട്ടു വച്ചു .ആ പരിഷ്കാരികൾ നമ്മളാണ് കോമാ ” അഭിമാനത്തോടെ കോരൻ പറഞ്ഞു നിർത്തി.
” നമ്മൾ മാത്രമല്ല കോരാ .ഇക്കാണുന്ന ജനസാഗരമത്രയും പരിഷ്കാരികൾ നമ്മൾ കോദണ്ഡന്മാർ …” ആവേശത്തോടെ കോമൻ കൂട്ടിച്ചേർത്തു. ലോക വസ്തുതകളെക്കുറിച്ചുള്ള കോരന്റെ ധാരണയെ കോമൻ പ്രശംസിച്ചു.
അങ്ങനെ അതും ധാരണയായി. പരിഷ്കാരികളായ കോദണ്ഡ ദേശക്കാർ വന്നു കൊണ്ടേയിരുന്നു.
കോദണ്ഡ മണ്ഡൂക സഭകളിലെ അധികാര കസേരകൾക്കുള്ള വടം വലികൾ നാട്ടിലെങ്ങും പാട്ടായി കൊണ്ടിരുന്നു.
ചീവീടുകളുടെ എണ്ണം കുറഞ്ഞു. പുതിയതായി എത്തിയ അംഗങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായി. തങ്ങളെയും കൂടെ പ്രസ്തുത സഭയിൽ ചേർക്കണമെന്നവർ ഒറ്റയ്ക്കും പെട്ടയ്ക്കും പഴയകാല നിവാസികളോട് അഭ്യർത്ഥന നടത്തിയെങ്കിലും അവർ അതിനു തയ്യാറായില്ല. കാരണമൊട്ടു പറഞ്ഞതുമില്ല.
പുതിയ തലമുറകളിലുമുണ്ടായി ചില പ്രമാണിമാർ അവരുടെ നേതൃത്വത്തിൽ നിരന്തരമായ ആവശ്യമുയർന്നു ഒറ്റപെട്ടു നിൽക്കുന്ന തങ്ങളെ കൂടെ കോദണ്ഡ മണ്ഡൂക സഭയിൽ ചേർക്കണേയെന്ന ആവശ്യം ശക്തമായി. പ്രസ്തുത സഭയിലെ അന്നത്തെ തലവൻ സുന്ദരനും പുരോഗമന ചിന്താധാരയിൽ അടിയുറച്ചു വിശ്വസിയ്ക്കുന്നവനുമായ ശ്രീമാൻ ശങ്കുണ്ണി ആയിരുന്നു. നിരവധിയായ വിജ്ഞാന സ്രോതസ്സുകളുടെ വിള നിലമായിരുന്നു ശ്രീമാൻ ശങ്കുണ്ണി. എന്ത് കൊണ്ടും പുതു തലമുറയെ മുന്നിൽ നിറുത്തി അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് മുന്നേ നിന്ന് നയിക്കുവാൻ ശ്രീമാൻ ശങ്കുണ്ണിക്ക് നല്ല സാമർത്യമായിരുന്നു താനും. പുതുതായി എത്തിയ കോദണ്ഡൻമാരെ സഭയിലേക്കു സ്വാഗതം ചെയ്യുവാൻ അയാൾ സന്നദ്ധനായിരുന്നു. പക്ഷെ അയാൾക്കു ചുറ്റിനും ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ കടുപ്പം ബാധിച്ച മുത്തശ്ചൻമാർ അതിനൊട്ടു തയ്യാറായതേയില്ല പോലും. അവനൊന്നടങ്കം എതിർപ്പു പ്രകടമാക്കി. തലവൻ സഹൃദയനായ ശ്രീമാൻ ശങ്കുണ്ണിയാണെങ്കിലും ആളുകൾക്ക് താല്പര്യം കുന്നായ്മയിൽ ബിരുദാനന്തര ബിരുദമെടുത്ത വർക്കി പേരപ്പനോടായിരുന്നു. അവരുടെ കൂട്ടായ വിജയത്തിൽ വർക്കി പേരപ്പന്റെ നേതൃത്വത്തിൽ അവരൊന്നടങ്കം പറഞ്ഞു ” ശങ്കുണ്ണി രാജി വയ്ക്കുക ”
അത്യധികം ഹൃദയവ്യഥയോടെ തലവൻ ശ്രീമാൻ ശങ്കുണ്ണി ചോദിച്ചു. ” എന്തിനാണ് നിങ്ങൾ നിങ്ങളുടെ പുതു തലമുറയെ അകറ്റി നിറുത്തുന്നത്. നാളെ അവരല്ലേ എനിക്കും നിങ്ങൾക്കും തണലാവേണ്ടവർ. നമ്മളെ നയിക്കുവാൻ പ്രാപ്തരാണ് പുതിയ കോദണ്ഡന്മാർ എന്തായാലും അവർ കൂടി നമ്മളോടൊപ്പം വേണമെന്നാണെന്റെ ആഗ്രഹം എന്നയാൾ തുറന്നു പറഞ്ഞുവെങ്കിലും അവരെല്ലാം ഏക സ്വരത്തിൽ പറഞ്ഞു. ‘ ശങ്കുണ്ണി രാജി വയ്ക്കുക. നിങ്ങളുടെ സേവനം ഇനി വേണ്ട…. പരിഷ്കാരികൾ വേണ്ടേ വേണ്ട. അവർ പുറത്തു തന്നെ നിൽക്കട്ടെ നമ്മൾ പ്രമാണിമാർക്ക് അവരെ നിരീക്ഷിക്കാം അവർ ചീവീടുകളെ കൈകാര്യം ചെയ്യുന്നതിൽ എത്രത്തോളം മിടുക്കരെന്നു നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മിടുക്കരെങ്കിൽ കൂടെ കൂട്ടാം. ”
നിരത്തിയ മുടന്തൻ ന്യായങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബുദ്ധിശാലികളായ പരിഷ്കാരികളുടെ കടന്നു കയറ്റം തങ്ങളുടെ മേധാവിത്വത്തെ ഇല്ലാതാക്കുമെന്നവർ ഭയപ്പെട്ടിരുന്നു. നിരാശയോടെ പ്രായത്തെ വെല്ലുന്ന യുവ മനസ്സിനുടമയായ ശ്രീമാൻ ശങ്കുണ്ണി തന്റെ സഭാവാസികളുടെ മനസ്സിന് ബാധിച്ചിരിക്കുന്ന തിമിരം മാറ്റികിട്ടുവാൻ സർവ്വേശ്വരന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. സ്വപ്നത്തിലെന്നവണ്ണം പൊന്നുടയതമ്പുരാന്റെ തിരുവരുളപ്പാടുണ്ടായി
” കുഞ്ഞേ ശങ്കുണ്ണി വിഷമിക്കേണ്ടതില്ല അവരറിയുന്നില്ല അവരുടെ കാഴ്ചയെ മറയ്ക്കുന്ന അഹങ്കാരമെന്ന വിഷമുള്ളിനെ എന്നാൽ ഞാൻ എല്ലാമറിയുന്നവൻ … കുഞ്ഞേ ശങ്കുണ്ണി നീ ഇത് കൂടി മനസ്സിലാക്കിക്കൊൾക ആർക്കു വേണ്ടിയാണോ നീ നിന്റെ നെഞ്ചിനെ ഉരുക്കുന്നതു അവർ നിന്നെ വിൽക്കുവാൻ അച്ചാരം വാങ്ങിയവരാണ്. വിഷമിക്കാതെയിരിക്കു എല്ലാം അവരുടെ ‘ വർക്കി പേരപ്പൻ പറയും പോലെ ‘നടക്കട്ടെ … ഓർത്തു കൊൾക അവരും നീയും വഴിയുടെ അവസാനം ഞാൻ കാത്തു നിൽപ്പുണ്ട് ”
ദൈവം പ്രത്യക്ഷമായോ എന്തോ ശ്രീമാൻ ശങ്കുണ്ണി രാജി വച്ച് തലവേദനകളില്ലാതെ സ്വസ്ഥമായിരിക്കുന്നു. നെല്ലും പതിരും കതിരിൽ രണ്ടാണെന്ന് തിരിച്ചറിയാത്ത
പരിഷ്കാരികളായവരിൽ ചില വങ്കന്മാർ ഇന്നോ നാളെയോ സഭയിലെ അംഗമാകുവാൻ കച്ച കെട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അവരും ആ മന്ത്രം ഇട വിടാതെ ഉരുവിട്ട് കൊണ്ടിരുന്നു. ‘ എല്ലാം വർക്കി പേരപ്പൻ പറയും പോലെ ‘
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
Leave a Reply