കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ 20 നാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുമായ വി.ആര്‍ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നത്. ഇതോടെയാണ് സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.

സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

വി.ആര്‍ സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. സംഭവത്തില്‍ കട്ടപ്പന എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സിഐമാരുള്‍പ്പെടെയുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചെന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് പറഞ്ഞു.