പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.
പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.
പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.
സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Leave a Reply