ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2025 ആരംഭത്തോടെ തന്നെ, കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. വിവിധതരത്തിലുള്ള വ്യവസായ ഇടങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരായ തൊഴിലാളികൾ ചൂഷണം അനുഭവിക്കുന്നുണ്ടെന്നും, അവർക്ക് വേണ്ടത്ര വേതനം ലഭിക്കുന്നില്ലെന്നുമുള്ള ശക്തമായ പരാതികളെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. കൃഷി, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, കെയർ സർവീസുകൾ എന്നീ മേഖലകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാകും പുതിയ നടപടികൾ ഉണ്ടാവുക. ഈ മേഖലകളിൽ കുടിയേറ്റ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നുവെന്ന പരാതികൾ നിരവധിയാണ്. എല്ലാ തൊഴിലാളികൾക്കും, അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ, തുല്യമായ പരിഗണന ലഭിക്കുകയും, അവരുടെ അവകാശങ്ങൾ നിയമപ്രകാരം ലഭ്യമാക്കുവാൻ സാധിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ജോലിസ്ഥലങ്ങളിലുള്ള പരിശോധന, നിയമലംഘനത്തിന് കർശനമായ പിഴകൾ, തൊഴിൽ നിയമ ലംഘനങ്ങളെ സംബന്ധിച്ച വിശദമായ അന്വേഷണങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന കർശനമായ നടപടികളാകും ഉണ്ടാവുക. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന തൊഴിലുടമകൾക്ക് കനത്ത പിഴയോ പൊതു വെളിപ്പെടുത്തലോ പ്രോസിക്യൂഷനോ നേരിടേണ്ടിവരും. അതോടൊപ്പം തന്നെ തങ്ങൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ അറിയിക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക സംരക്ഷണവും ഉറപ്പു നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യുസ് അതോറിറ്റി (ജി എൽ എ എ )പോലുള്ള റെഗുലേറ്ററി ബോഡികൾ ഈ നടപടികൾ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. യുകെയിലേയ്ക്ക് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്കും മേൽ ഇനി മുതൽ കടുത്ത നിരീക്ഷണം ഉണ്ടാകും. കൃത്യമായ ലൈസൻസിംഗ് നിയമങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് യുകെ സർക്കാർ ഇതോടെ അടിവരയിടുകയാണ്. ഈ നടപടികളോടൊപ്പം തന്നെ, തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് കുടിയേറ്റ തൊഴിലാളികളെ ബോധവാന്മാരാക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ട്.
Leave a Reply