ഇപ്‌സ്‌വിച് (ലണ്ടൻ):  ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്‌സ്‌വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും  പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ആംബുലൻസ് സ്ഥലത്തെത്തി ബാലനെ ആശുപതിയിൽ എത്തിച്ചു. നാളെ ഓപ്പറേഷന് വിധേയമാകും എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ട കുട്ടി  ഉൾപ്പെടുന്ന മലയാളി സമൂഹത്തോട് പ്രാർത്ഥനാ സഹായം തേടിയിരിക്കുകയാണ്  കുട്ടിയുടെ കുടുംബം.

സംഭവത്തെ തുടർന്ന് മോഷ്ട്ടിച്ചത് എന്ന് സംശയിക്കുന്ന വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴ് വയസുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താത്തതും, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, മയക്കുമരുന്നുകളുടെ വിപണനം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന   കുറ്റങ്ങൾ. മലയാളി ബാലന് അപകടം സംഭവിച്ച ഗോറി റോഡും സമീപ സ്ഥലങ്ങളിലും വാഹന ഗതാഗതം നിരോധിച്ച പോലീസ്, സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.  പോലീസ് പിന്തുടർന്ന കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയത് ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.