ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമ്പദ് വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു എഐ ഓപ്പർച്യുണിറ്റീസ് ആക്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുകെ സർക്കാർ. മുൻനിര ടെക് സ്ഥാപനങ്ങളുടെ പിന്തുണയോടെ ആയിരിക്കും ഇത് നടപ്പിലാക്കുക. ഈ പദ്ധതി 13,250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐ ഉപയോഗിക്കാനും ഇത് വഴി സാധിക്കും. യുകെയിലുടനീളമുള്ള എല്ലാ കമ്മ്യൂണിറ്റികളിലേക്കും ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്ന് സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി യുകെ ആക്ഷൻ പ്ലാൻ സൃഷ്ടിക്കാൻ എഐ ഉപദേഷ്ടാവ് മാറ്റ് ക്ലിഫോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻെറ ഫലമായി ലഭിച്ച 50 ശുപാർശകളാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്. ഗൂഗിൾ, ആമസോൺ, ആപ്പിൾ എന്നിവയ്ക്ക് തുല്യമായി ടെക് ഭീമന്മാരെ നിർമ്മിക്കാനുള്ള യുകെയുടെ കഴിവിൽ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുകെയിൽ നിലവിൽ ബ്രിട്ടൻ്റെ ഉടമസ്ഥതയിലുള്ള മുൻനിര, അത്യാധുനിക കമ്പനികൾ ഇല്ല. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ വിദ്യാർത്ഥികൾ സ്ഥാപിച്ച ഡീപ് മൈൻഡ് എന്ന കമ്പനി ഗൂഗിൾ ഏറ്റെടുത്തിരുന്നു. ഡീപ് മൈൻഡ് പോലുള്ള കമ്പനികൾക്ക് ബ്രിട്ടനിൽ വളരാൻ ആവശ്യമായ നവീകരണവും നിക്ഷേപവും നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടറുകളെ വീഡിയോ, ബോർഡ് ഗെയിമുകൾ കളിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ് ഡീപ് മൈൻഡ്. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ അഭിപ്രായത്തിൽ, എഐ-യെ പൂർണമായി സ്വീകരിക്കുന്നത് വഴി അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിവർഷം 47 ബില്യൺ പൗണ്ട് വർദ്ധനവ് ഉണ്ടാവും.
പുതിയ പദ്ധതിയുടെ കീഴിൽ യുകെയിൽ ഉടനീളം നിരവധി “എഐ ഗ്രോത്ത് സോണുകൾ” സ്ഥാപിക്കപ്പെടും, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വികസനത്തിന് കാരണമാകുകയും ചെയ്യും. അറ്റകുറ്റപണികൾ ആവശ്യമായ റോഡുകൾ തിരിച്ചറിയാൻ എഐ- പവർ ക്യാമറകൾ സഹായിക്കും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കുറച്ചുകൊണ്ട് പൊതുമേഖലയെ പരിവർത്തനം ചെയ്യാൻ എഐ സജ്ജീകരിക്കാം. ആരോഗ്യ മേഖലയിൽ, ക്യാൻസർ രോഗനിർണയം വേഗത്തിലാക്കാൻ എഐ ഇതിനകം തന്നെ ഉപയോഗിച്ചുവരുന്നുണ്ട്.
Leave a Reply