ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : റഷ്യ-യുക്രൈൻ സമാധാന ചർച്ചകളിൽ പങ്കെടുത്തതിന് പിന്നാലെ ചെൽസി ഫുട്ബോൾ ഉടമയും പുടിന്റെ അനുയായിയുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. മാർച്ച്‌ മൂന്നിന് യുക്രൈൻ – ബെലാറസ് അതിർത്തിയിലാണ് സമാധാന ചർച്ച നടന്നത്. അബ്രമോവിച്ചിനെ കൂടാതെ യുക്രെയ് നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായും പറയുന്നു. രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. രാത്രി പത്തു മണി വരെ മൂവരും ചർച്ചകളിൽ പങ്കെടുത്തു.

തുടർന്ന് ഹോട്ടൽ മുറികളിലേക്ക് പോയ ഇവർക്ക് രാവിലെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുന്ന ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അബ്രമോവിച്ച് സുഖം പ്രാപിച്ചുവെന്നും യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും ബിബിസി വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത അനുയായിയാണ് അബ്രമോവിച്ച്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു. സമാധാന ചർച്ചയ്‌ക്ക് മുന്നിട്ടിറങ്ങിയ അബ്രമോവിച്ചിനെ കീവിൽ അപായപ്പെടുത്താൻ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ ഇസ്താംബൂളിൽ എത്തിയിട്ടുണ്ട്.