ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ(LMHS) ആഭിമുഖ്യത്തിൽ 11 ജനുവരി 2025 ന് നടത്തിയ അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും മണ്ഡല കാല വ്രതത്തിന്റെ പുണ്യവും, സായുജ്യവും ദർശന സൗഭാഗ്യവും നേടിയാണ് മടങ്ങിയത്.

ലിവർപൂൾ കെൻസിങ്‌ടൺ മുത്തുമാരിയമ്മൻ ക്ഷേത്രo തന്ത്രി ശ്രീ. പ്രതാപൻ ശിവനിൽ നിന്നും സമാജം പ്രസിഡന്റ്‌ ശ്രീ ദീപൻ കരുണാകരൻ ഭദ്രദീപം ഏറ്റുവാങ്ങി തിരിതെളിയിച്ചതോടെ പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് തുടക്കമായി. ശരണം വിളികളാലും, മന്ത്രോചാരണങ്ങളാലും മുഖരിതമായ ഭക്തിസന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ച അയ്യപ്പ പൂജ ഗണപതി ആവാഹനത്തോടും കലശപൂജയോടും കൂടിയാണ് ആരംഭിച്ചത്. തുടർന്ന് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ചെണ്ട വിദ്യാർത്ഥികൾ ശ്രീ.സായി ആശാന്റെ നേതൃത്വത്തിൽ പാണ്ടിയും പഞ്ചാരിയും കൊട്ടി കയറിയപ്പോൾ കാണികൾക് നയനമനോഹരവും കാതുകളിൽ ഇമ്പമുണ്ടാക്കുന്ന ദൃശ്യനുഭൂതി ആണ് സമ്മാനിച്ചത്. എൽ.എം.എച്ച്.എസിൻ്റെ കുഞ്ഞുങ്ങളുടെ താലപൊലിയുടെയും, വർണ്ണ ശബളമായ കൊടി തോരണങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന കലശപൂജ പ്രദക്ഷിണം ഭക്തജനങ്ങൾക്ക് ഭക്തിസാന്ദ്രമായ ഒരു ദൃശ്യവിരുന്നായി.

കർപ്പൂര പ്രിയന്റെ നെയ്യഭിഷേകം കാണുക എന്നുള്ളത് ഏതോ ഒരു ജന്മപുണ്യമായി തന്നെയാണ് ലോകമെങ്ങും ഉള്ള അയ്യപ്പഭക്തർ കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും കാർഡിനൽ ഹീനൻ സ്കൂളിൽ എത്തിച്ചേർന്ന അയ്യപ്പഭക്തർക്ക് ആത്മീയവും ഭക്തി സാന്ദ്രവും ആയ ഒരു അയ്യപ്പവിളക്കിൻ്റെ അനുഭവമേകി.
അയ്യപ്പ മഹോത്സവത്തിന്റെ പ്രധാന ഭാഗമായ നെയ്യഭിഷേകം ഭക്തിയുടെ ആഴവും ആത്മസമർപ്പണത്തിന്റെ പവിത്രതയും പ്രതിഫലിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു. സർവ്വാഭൂഷിത അലങ്കാരങ്ങൾ അണിഞ്ഞ അയ്യപ്പ ഭഗവാൻ്റെ രൂപം ലിവർപൂളിലെ ഭക്ത ജനങ്ങളുടെ മനസ്സിൽ ഭക്തിയുടെയും വിശ്വാസത്തിൻ്റെയും അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞ അന്തരീക്ഷവും മനസ്സും നിറച്ച അനുഭൂതിയായ് തന്നെ നിറഞ്ഞു.
തുടർന്ന് ഭക്തജനങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അതിവിശേഷമായ വിളക്ക് പൂജ മുഖ്യ കർമ്മിയുടെ കാർമ്മികത്വത്തിൽ നടന്നു.

ഇംഗ്ലണ്ടിലെ മികച്ച ഭജൻ സംഘങ്ങളിൽ ഒന്നായ ഭാവലയ ഭജൻസ് ഭക്തിസാന്ദ്രമായ സംഗീതത്തിലൂടെ ഭക്തജനങ്ങളുടെ മനസ്സു നിറച്ചു. കൂടാതെ ഏറ്റവും വിശിഷ്ടമായ രണ്ട് ക്ഷേത്രകലാരൂപങ്ങൾ കൂടെ ഈ വർഷത്തെ അയ്യപ്പ വിളക്കിന് വർണ പകിട്ടേകി. പൗരാണിക കാലത്ത് തന്നെ അമ്പലനടയിൽ ഏറ്റവും പ്രാധാന്യം കിട്ടിയിരുന്ന സോപാനസംഗീതം ഇടയ്ക്കയുടെ താളത്തോടെ ഭംഗിയായി അയ്യപ്പ പൂജയ്ക്ക് സമർപ്പണമായി അർപ്പിച്ച ശ്രീ രഞ്ജിത്ത് ശങ്കരനാരായണൻ ഇതിനു വേണ്ടി മാത്രം സ്കോട്ട്‌ലാൻഡിൽ നിന്നും വന്നതാണ്. അദ്ദേഹത്തിൻറെ കൂടെ സംഗീതമാലപിച്ച ദമ്പതിമാരായ ശ്രീ ദാസും സഹധർമ്മിണി ശ്രീമതി സീതയും അയ്യപ്പവിളക്കിന് മാറ്റേകി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂ കെ യിൽ തന്നെ ആദ്യം ആയി ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച അയ്യപ്പൻ്റെ ചിന്തുപാട്ട് ഹൃദയത്തിൽ ഭക്തിയുടെ മറ്റൊരു മാറ്റൊലിയായി. തുടർന്ന് നടന്ന പടി പൂജ ഭക്തിയുടെയും ആത്മീയതയുടെയും അന്തരീക്ഷം തന്നെ സൃഷ്ടിച്ചു. ശബരിഗിരി വാസനെ ഹരിവരാസനം പാടിയുറക്കി കൊണ്ട് ഈ വർഷത്തെ അയ്യപ്പ വിളക്ക് പൂജയുടെ പരിസമാപ്തി കുറിച്ചു. തുടർന്ന് നടന്ന പ്രസാദ വിതരണത്തോടൊപ്പം ആടിയ നെയ്യ്, ശബരിമലയിൽ നിന്നും എത്തിച്ച അരവണ എന്നിവയും വിതരണo ചെയ്തു.

അയ്യപ്പവിളക്കിൽ എടുത്തു പറയേണ്ട മുഖ്യ സവിശേഷത ആയിരുന്നു സമാജം സെക്രട്ടറി. ശ്രീ. സായികുമാർ ന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും വോളന്റീർസ് ഉം ചേർന്ന് ഒരുക്കിയ ഉപദേവത പ്രതിഷ്ഠ ഉൾപ്പടെ ഉള്ള മണ്ഡപം. അതിനുശേഷം സമാജത്തിലെ തന്നെ അംഗമായ ശ്രീ. അനന്ദുവും വോളന്റീർസ് ഉം ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ അന്നദാനത്തിൽ പങ്കെടുത്തു ഭക്തർ സംതൃപ്തിയോടെ മടങ്ങി. വീണ്ടും ഒരു മണ്ഡലകാലത്തിന്റെ, വ്രത ശുദ്ധിയുടെയും ശരണം വിളികളുടെ നാളുകളുടെ കാത്തിരിപ്പിനായി
ജാതി മത ഭേദമന്യേ എല്ലാ സർവ്വചരാചരങ്ങൾക്കും നന്മയുടെ നല്ല നാളുകൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട്……..

ലോകാ സമസ്ത സുഖിനോ ഭവന്തു