എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കുറിച്ച് വിശദ അന്വേഷണത്തിന് പോലീസ്. ഋതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് തീരുമാനം. പോലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷം സ്റ്റേഷനില്‍ എത്തിച്ച പ്രതി ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയിരുന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32), എന്നിവരാണ് ഋതുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കില്‍ സഞ്ചരിച്ച പ്രതിയെ സംശയം തോന്നിയതിനാല്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. നാലുപേരെ കൊന്നുവെന്നും അത് അറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. കൊലപാതകത്തെ കുറിച്ച് അറിഞ്ഞാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത് എന്ന വിശ്വാസത്തിലായിരുന്നു ഋതുവിന്റെ കുറ്റസമ്മതം. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പോലീസ് കൈകാട്ടി തടഞ്ഞത്. ഹെല്‍മറ്റ് വയ്ക്കാതെയായിരുന്നു ഋതു ബൈക്കില്‍ പോയതെന്നായിരുന്നു ഇതിന് കാരണം. ജിതിന്റെ ബൈക്ക് എടുത്തായിരുന്നു രക്ഷപ്പെടാനുള്ള ഋതുവിന്റെ ശ്രമം. പോലീസ് കണ്ടതു കൊണ്ട് മാത്രമാണ് അപ്പോള്‍ പിടിയിലായത്. അല്ലാത്ത പക്ഷം സ്ഥലം വിടാന്‍ സാധ്യത ഏറെയായിരുന്നു.

സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്നും കൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്നും കാണിച്ച് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഋതുവിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. വൈദ്യപരിശോധനയില്‍ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യംചെയ്യലില്‍ ഋതു പോലീസിനോട് വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചേന്ദമംഗലത്തെ നടുക്കിയ അരുംകൊല നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേര്‍ക്കും മുഖത്തും തലയിലുമാണ് പരിക്കുകള്‍. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയില്‍ ആറും വിനീഷയുടെ തലയില്‍ നാലും ഉഷയുടെ തലയില്‍ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റര്‍വരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജിതിനെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ്. കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ പ്രതി ഋതു ഉപയോഗിച്ചത് ബൈക്കിന്റെ ഷോക്ക്അബ്സോര്‍ബറിന്റെ സ്റ്റമ്പാണ്. ഇതുകൊണ്ട് തലയ്ക്കടിച്ചശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരില്‍ ചിലരോട് നാലുപേരെ തീര്‍ത്തെന്ന് പറഞ്ഞിരുന്നു. ഹെല്‍മെറ്റ് വയ്ക്കാതെ സിഗരറ്റ് വലിച്ച് ബൈക്കില്‍ പോകുന്നതുകണ്ട് വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാല്‍, നിര്‍ത്താതെപോയ ഋതു തിരികെവന്ന് നാലുപേരെ കൊന്നെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നല്‍കിയത്. കൊലപാതകത്തില്‍ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റം. ബൈക്ക് മോഷണം ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ഋതു പ്രതിയാണ്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുണ്ട്. 2015ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണം, 2020ല്‍ പറവൂര്‍ സ്റ്റേഷനില്‍ അടിപിടി, 2022ല്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യംചെയ്തെന്ന പരാതിയില്‍ വടക്കേക്കര സ്റ്റേഷനിലുമാണ് കേസുകള്‍. തര്‍ക്കങ്ങളില്‍ വേണുവിന്റെ വീട്ടുകാരും ഋതുവിന്റെ വീട്ടുകാരും രണ്ടുതവണ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുള്ള ജിതിന്‍ ബോസ് കുറച്ചുകാലം നാട്ടില്‍ ഡ്രൈവറായിരുന്നു. പിന്നീടാണ് ഗള്‍ഫില്‍ ജോലി കിട്ടിയത്. കൂട്ടക്കൊല നടത്തിയ പ്രതി ഋതു ഇടയ്ക്ക് ബംഗളൂരുവില്‍ പോകുമെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണകളില്ല. നിര്‍മ്മാണ തൊഴിലാളിയാണെന്ന് പറയുന്നുണ്ടെന്ന് മാത്രം. ലഹരിമരുന്ന് ഇടപാടുകള്‍ക്കായാണ് ബംഗളൂരു യാത്ര എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വെള്ളി വൈകിട്ട് 5.30നാണ് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. ജിതിന്റെ സുഹൃത്തുക്കളും നാട്ടുകാരും കോടതി അങ്കണത്തില്‍ എത്തിയിരുന്നു. ഇവരില്‍ പലരും രോഷത്തോടെ, ‘നീ ഒരു കുടുംബത്തിനെ ഇല്ലാതാക്കിയില്ലേടാ’ എന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. ജീപ്പില്‍നിന്ന് ഇറക്കിയപ്പോള്‍ ചിലര്‍ പ്രതിക്കുനേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ ഉള്ളിലേക്ക് കയറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കോടതിമുറിക്കുസമീപത്തേക്ക് ജീപ്പ് നീക്കിയിട്ടു. പ്രതിയെ തിരിച്ച് പുറത്തേക്ക് ഇറക്കിയപ്പോള്‍ ഒരാള്‍ ഇഷ്ടികയുമായി പാഞ്ഞടുത്തു. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഋതുവിനെ ജീപ്പിലേക്ക് വേഗം കയറ്റി. പ്രതിയെ ആലുവ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. പിന്നീട് കോടതി പോലീസ് കസ്റ്റഡിയിലും വിട്ടു.