ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി. എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്യുയർ, ബെബെ കിംഗ് എന്നീ പെൺകുട്ടികളെ കൊലപ്പെടുത്തിയ ആക്സൽ റുഡാകുബാന എന്ന 18 വയസ്സുകാരനാണ് കുറ്റസമ്മതം നടത്തിയത്. ഇയാൾ 3 പേരെ കുത്തി കൊലപെടുത്തിയത് കൂടാതെ മറ്റ് 10 പേരെ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
മുൻപ് നടന്ന ഒരു വിചാരണയിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാൽ ലിവർപൂൾ ക്രൗൺ കോടതിയിൽ കേസ് ആരംഭിക്കാനിരിക്കെ പ്രതിയുടെ വക്കീൽ തന്റെ കക്ഷിക്ക് വീണ്ടും കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം പ്രതി മൂന്ന് കൊലപാതക കുറ്റങ്ങളും 10 കൊലപാതക ശ്രമങ്ങളും, രണ്ട് ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. വിചാരണ സമയത്ത് കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ കോടതിയിൽ ഇല്ലായിരുന്നു. മേൽവിവരിച്ച കുറ്റങ്ങൾക്ക് പുറമെ റിസിൻ എന്ന ജൈവ വിഷവസ്തു നിർമ്മിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും തീവ്രവാദ നിയമപ്രകാരം റുഡകുബാനയ്‌ക്കെതിരെ കേസെടുത്തു. ഓരോ കുറ്റങ്ങൾ ചുമത്തിയപ്പോഴും മുഖം പി പി ഇ മാസ്ക് കൊണ്ട് മറച്ചിരുന്ന പ്രതി താൻ കുറ്റക്കാരനാണെന്ന് ഏറ്റുപറഞ്ഞു. പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കുമെന്നാണ് അറിയാൻ സാധിച്ചത്.
ജൂലൈ 29 – ന് അവധിക്കാല നൃത്ത, യോഗ ക്ലാസുകളിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടത് യുകെയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു . കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറിയത് . പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. യുകെയിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 1,200 പേരെ ആണ് അറസ്റ്റ് ചെയ്തത് .
Leave a Reply