ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏറ്റവും കൂടുതൽ ആളുകൾ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഇബുപ്രോഫെൻ സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ ഗുളികകൾ മിതമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സന്ധിവാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ബ്രിട്ടീഷുകാർ പതിവായി ഉപയോഗിക്കുന്ന മരുന്നാണ് ഇബുപ്രോഫെൻ . എന്നാൽ നീണ്ട കാലം ഇത്തരം ഗുളികകൾ കഴിക്കുന്നത് ആശങ്കാജനകമായ പ്രശ്നങ്ങൾക്ക് കാരണമാകും.


ഇത്തരം മരുന്നുകൾ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും. രക്തസമ്മർദ്ദം കൂടുന്നതിനും ഈ മരുന്ന് വഴിവെക്കും. ഇബുപ്രോഫെനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ചില പ്രശ്നങ്ങൾ വയറ്റിലെ അൾസർ, വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണെന്ന് ഫാർമസിസ്റ്റ് ഡോ ലെയ്‌ല ഹാൻബെക്ക് പറഞ്ഞു . 2013 ലെ ഒരു പഠനത്തിൽ ഈ മരുന്ന് മൂന്ന് മാസത്തിനുള്ളിൽ ദിവസത്തിൽ മൂന്ന് തവണ കഴിക്കുന്നത് വയറ്റിലെ അൾസർ, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തിയിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആസ്പിരിൻ, നാപ്രോക്‌സെൻ എന്നിവ ഉൾപ്പെടുന്ന നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDs) എന്ന ഒരു കൂട്ടം മരുന്നുകളിൽ പെടുന്നതാണ് ഇബുപ്രോഫെൻ. ഇബുപ്രോഫെൻ കഴിക്കുന്ന നൂറിൽ ഒരാൾക്ക് തലവേദന, തലകറക്കം, ഓക്കാനം, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നതായി എൻഎച്ച്എസ് ജിപി ഡോ. ഹന പട്ടേൽ പറഞ്ഞു. ഇബുപ്രോഫെൻ ശരിയായ അളവിൽ കഴിക്കുമ്പോൾ പോലും അത് നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. രക്തസ്രാവമോ കുടലിൽ അൾസറോ ഉള്ളവർ മരുന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത് .