ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റൽ ബറോയിൽ യുകെ മലയാളി മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ തോമസ് ആണ് വീട്ടിലെ സ്റ്റെയർകെയ്സ് ഇറങ്ങവെ വീണ് പരുക്കേറ്റതിനെ തുടർന്ന് ജീവൻ വെടിഞ്ഞത്. വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം 49 വയസ്സ് മാത്രം പ്രായമുള്ള സോജന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം മാർച്ചിലാണ് സോജൻ യുകെയിലെത്തിയത്. ഇവിടെ മോറിസൺ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുകയായിരുന്നു. കെയർ ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ , കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് ഭാര്യയ്ക്ക് യുകെയിൽ ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലാണ് സോജനും മക്കളും ഇവിടെ എത്തി ചേർന്നത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു ( യുകെ) എന്നിവരാണ് സഹോദരർ. കുറുമ്പനാടം അസംപ്ഷൻ സീറോ മലബാർ ആർച്ച് ഇടവകാംഗമാണ് സോജനും കുടുംബവും. സോജൻ്റെ മ്യത സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സോജൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply