സ്വന്തം ലേഖകൻ

71 കാരനായ പ്രിൻസ് ഓഫ് വെയിൽസ്, ബിർക് ഹാളിലെ തന്റെ സ്കോട്ടിഷ് ഹോമിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഓൺലൈൻ അധ്യയനം നടത്താനായി പുതിയ സർഗാത്മകമായ വഴികൾ അവലംബിച്ച അധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ മനസ്സ് കാണിച്ച മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചവരെ അദ്ദേഹം പ്രത്യകം പ്രശംസിക്കാൻ മറന്നില്ല. അദ്ദേഹം പേട്രൺ ആയ ചാരിറ്റി ടീച്ച് ഫസ്റ്റ്ന് വേണ്ടി സ്കോട് ലൻഡിലെ, ബിർക്ഹാൾ റെസിഡെൻസിൽ നിന്നാണ് അദ്ദേഹം വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

“നമുക്കെല്ലാവർക്കും കഷ്ടതകൾ നിറഞ്ഞ സമയമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, എന്നാൽ യുവതലമുറയും കുടുംബങ്ങളും അതിനോട് താദാത്മ്യം പ്രാപിക്കാൻ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ലാപ്ടോപ്പോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഹോം സ്കൂളിംഗ് നടത്തേണ്ടി വരിക എത്ര ബുദ്ധിമുട്ടാണ്, എന്നാൽ കുട്ടികൾക്ക് വേണ്ടി അത് ചെയ്ത ധാരാളം മാതാപിതാക്കളുണ്ട്, അധ്യാപകരും അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ശ്രമിച്ചിട്ടുണ്ട് അവയൊക്കെ എടുത്തുപറയേണ്ടതാണ്. ദൂരെ ഇരുന്നു കൊണ്ട് കുട്ടികളോട് സംവദിക്കാൻ ക്രിയാത്മകമായ രീതികൾ അവർ അവലംബിച്ചിരുന്നു, തങ്ങളുടെ കുട്ടികളിൽ ആരും തന്നെ പട്ടിണികിടക്കുന്നില്ല എന്നും അവർ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. അവർക്കെല്ലാം നമ്മൾ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കേണ്ടതുണ്ട് ” അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും നല്ല വിദ്യാഭ്യാസം എന്നതാണ് ടീച്ച് ഫസ്റ്റ് ചാരിറ്റിയുടെ ലക്ഷ്യം. യുകെയിൽ ഉടനീളം ബുദ്ധിമുട്ടുകൾ നേരിടുന്ന സ്കൂളുകൾക്കും, പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കും സഹായങ്ങൾ നൽകുക, സ്കൂളുകൾ ഏറ്റെടുത്ത് അധ്യാപകർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് അവരുടെ പ്രവർത്തനങ്ങൾ. എപ്പോഴത്തെക്കാളും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ട സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.