ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ കെട്ടിടത്തിലേയ്ക്ക് ഇടിച്ചു കയറി 4 പേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. മരിച്ച 4 പേരും എസെക്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 04:40 ന് കോൾചെസ്റ്ററിലെ മാഗ്ഡലൻ സ്ട്രീറ്റിൽ ആണ് അപകടം നടന്നത്. ഉടൻതന്നെ അടിയന്തര സേവന സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
മകൈൽ ബെയ്‌ലി (22), ഇവാ ഡറോൾഡ്-ചിക്കായ (21), ആന്റണി ഹിബ്ബർട്ട് (24), ഡാൽജാങ് വോൾ (22) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് എസെക്സ് പോലീസ് പറഞ്ഞു. അപകടത്തിൽ മറ്റ് വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. പ്രദേശത്ത് ഒരു കറുത്ത ഫോർഡ് ഫോക്കസ് ഓടിക്കുന്നത് കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സ്റ്റുവർട്ട് ഹൂപ്പർ പറഞ്ഞു. 4 വിദ്യാർത്ഥികളുടെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും. മരിച്ചവരിൽ ഹിബ്ബർട്ട് , ഡാൽജാങ് വോൾ എന്നിവർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ടീമിലെ മികച്ച കളിക്കാരായിരുന്നു.
Leave a Reply