ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) എടുത്ത് കൊണ്ട് ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ചെയ്യാൻ യുകെ സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചപ്പോഴും, കമ്പനി വെബ്സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” പറയുന്നു.
അതേസമയം, ഹോം ഓഫീസും പ്രസ്തുത വിഷയത്തോട് പ്രതികരിക്കൻ വിസമ്മതിച്ചു. പ്രൈവസി ഇൻ്റർനാഷണൽ യുകെ സർക്കാരിൻെറ ഈ നീക്കം വ്യക്തിപരമായ വിവാരങ്ങളിലേക്കുള്ള ചൂഷണം ആണെന്ന് പറഞ്ഞു. ആപ്പിളിൻ്റെ “അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വിവരങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്, അതായത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ. എഡിപി ഒരു ഓപ്റ്റ്-ഇൻ സേവനമാണ്. ഇത് സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും എല്ലാ ഉപയോക്താക്കളും ഇവ സജീവമാക്കുന്നില്ല. ഇത്തരക്കാർക്ക് അക്കൗണ്ട് ആക്സസ്സ് നഷ്ടപ്പെട്ടാൽ ഡാറ്റ വീണ്ടെടുക്കാനും സാധിക്കാറില്ല.
ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു എൻട്രി പോയിൻ്റ് സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാർ മുമ്പ് സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നുവെങ്കിലും ആപ്പിൾ നിരസിച്ചിരുന്നു.
Leave a Reply