ലണ്ടന്‍: ബജറ്റില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള നികുതി വര്‍ദ്ധിപ്പിക്കല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുതന്നെ ഈ നിര്‍ദേശത്തില്‍ എതിര്‍പ്പുയര്‍ന്നു. ഒരു മന്ത്രിയുള്‍പ്പെടെ ഇതിനെതിരെ നിലപാട് സ്വീകരിച്ചതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഇതേത്തുടര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഓട്ടം വരെ മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. വ്യാഴാഴ്ച തന്നെ എതിര്‍പ്പുകളുമായി ടോറികള്‍ രംഗത്തെത്തി.
ബജറ്റിലെ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു നികുതി വര്‍ദ്ധന. ഈനയം നികുതി സമ്പ്രദായത്തെ കൂടുതല്‍ മികച്ചതും ലളിതവും പുരോഗമനാത്മകവുമാക്കുമെന്നാണ് മേയ് അവകാശപ്പെടുന്നത്. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന ടോറി തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓട്ടം ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് സ്വന്തം പാര്‍ട്ടിയിലെ പ്രതിഷേധങ്ങള്‍ പ്രധാനമന്ത്രിയെ തടയുകയാണ്.

സാമ്പത്തിക ബില്ലിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ ഉണ്ടാവില്ലെന്നും അവ ഓട്ടം ബജറ്റിന്റെ ഭാഗമായി നടപ്പാക്കുമെന്നും മേയ് മാധ്യമങ്ങളോട് പറഞ്ഞു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ വരുത്തുന്ന മാറ്റങ്ങള്‍ എല്ലാ സമയത്തും ഇപ്രകാരമാണ് നടപ്പാക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. ഈ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളേക്കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.