ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ കടുത്ത ചൂഷണത്തിന് വിധേയരാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രേഡ് യൂണിയനായ യൂണിസൺ നടത്തിയ സർവേയിലാണ് ജോലിസ്ഥലത്ത് വ്യാപകമായി വംശീയത നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നതിന് 20000 പൗണ്ട് കൂടുതൽ നിയമവിരുദ്ധമായി ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത്, കെയർ മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരും യുകെയിലേയ്ക്ക് വരുന്നതിനായി തൊഴിലുടമയ്ക്കോ ഇടനിലക്കാരനോ മുൻകൂർ ഫീസ് അടച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും ഭീമമായ തുക അടച്ച് യുകെയിൽ എത്തിയിട്ടും തൊഴിലിടങ്ങളിൽ കെയർ മേഖലകളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാർ കടുത്ത അനീതിയാണ് നേരിടുന്നത് . പലരും താമസിക്കുന്നത് തിരക്കേറിയ നിലവാരമില്ലാത്ത താമസസ്ഥലങ്ങളിലാണ് . തൊഴിലുടമ നൽകുന്ന താമസസ്ഥലത്ത് പാർക്കുന്നവരിൽ നാലിലൊന്നു പേരും മറ്റ് തൊഴിലാളികളുമായി ഒരു കിടപ്പുമുറി പങ്കിടേണ്ടതായി വരുന്നതായ സാഹചര്യമാണ് നിലവിലുള്ളത്. പലരും വാടകയും ബില്ലുകളും അടയ്ക്കാൻ പ്രയാസം നേരിടുന്നതായി പറഞ്ഞു. പ്രതികാര നടപടികളെ ഭയന്ന് പല കുടിയേറ്റ കെയർ ജീവനക്കാരും തൊഴിലിടങ്ങളിലെ കടുത്ത ചൂഷണത്തെ കുറിച്ച് പുറത്ത് പറയാറില്ല. പലർക്കും പരാതി പറഞ്ഞതിന്റെ പേരിൽ തൊഴിലുടമയിൽ നിന്നോ മേലധികാരികളിൽ നിന്നോ പിരിച്ചുവിടൽ ഭീഷണി ഉണ്ടായതായും സർവേ വെളിപ്പെടുത്തി.
യുകെയിലെ കെയർ മേഖലയിലെ ഒഴിവുകൾ പ്രധാനമായും നികത്തുന്നത് വിദേശ തൊഴിലാളികളെ കൊണ്ടാണ്. 2023/24 ൽ ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ റോളുകളിൽ ശരാശരി 8.3% ഒഴിഞ്ഞുകിടക്കുന്നതായുള്ള കണക്കുകൾ സ്കിൽസ് ഫോർ കെയർ പുറത്തുവിട്ടിരുന്നു. 2023/24 സാമ്പത്തിക വർഷത്തിലെ പുതിയ വിദേശ ജീവനക്കാരെ നിയമിക്കുന്ന കെയർ കമ്പനികൾ അവർ ജോലി ചെയ്യുന്ന ഓരോ മൈഗ്രന്റ് തൊഴിലാളിക്കും ഒരു സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകണം. ഈ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ആണ് തൊഴിലാളികൾ വിസയ്ക്ക് അപേക്ഷിക്കാൻ ഉപയോഗിക്കുന്നത് . ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആരോഗ്യ, പരിചരണ വിസകൾക്കായി 21,300 അപേക്ഷകൾ ഉണ്ടായിരുന്നു. ഏറ്റവും ദയനീയമായ കാര്യം ഏതെങ്കിലും രീതിയിൽ തൊഴിൽ ദാതാവിന്റെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ വിദേശത്തുനിന്നുള്ള ജീവനക്കാർക്ക് 60 ദിവസത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടേണ്ടതായി വരും. നിലവിൽ ചൂഷണത്തിന് തൊഴിൽ ഉടമകളെ സഹായിക്കുന്ന ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന രീതി സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്ന് യൂണിസണിന്റെ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്അനിയ പറഞ്ഞു.
Leave a Reply