സ്വന്തം മകളെ വീട്ടുതടങ്കലിലാക്കി ദുബായ് ഭരണാധികാരി. ലത്തീഫ രാജകുമാരിയുടെ വീഡിയോ സന്ദേശം പുറത്തുവിട്ട് ബിബിസി. യു.എ.ഇയുമായി ചർച്ച നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സഭ

സ്വന്തം മകളെ വീട്ടുതടങ്കലിലാക്കി ദുബായ് ഭരണാധികാരി. ലത്തീഫ രാജകുമാരിയുടെ വീഡിയോ സന്ദേശം പുറത്തുവിട്ട് ബിബിസി. യു.എ.ഇയുമായി ചർച്ച നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സഭ
February 17 15:08 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച്‌ പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.

“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച്‌ തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles