ബിനോയ് എം. ജെ.

മനസ്സ് എല്ലാറ്റിനെയും രണ്ടായി മുറിക്കുന്നു. അപഗ്രഥനത്തിനു വേണ്ടിയാണ് മനസ്സ് ഇപ്രകാരം ചെയ്യുന്നത്. ബ്രഹ്മത്തെയും മനസ്സ് രണ്ടായി മുറിക്കുന്നു. ബ്രഹ്മത്തെ രണ്ടായി മുറിക്കുവാൻ പാടില്ലാത്തതാണ്. കാരണം അത് അഖണ്ഡാദ്വൈതമാണ്. അതിന് രണ്ടാകുവാൻ ആവാത്തതാണ്. എന്നാൽ മനസ്സ് അതിനെയും രണ്ടാക്കുന്നു. നാം മനസ്സിലൂടെയാണല്ലോ എല്ലാറ്റിനെയും നോക്കി കാണുന്നത്. അങ്ങനെ ദ്വൈതം പ്രത്യക്ഷപ്പെടുന്നു. പരബ്രഹ്‌മമാകുന്ന സത്തയെ മനസ്സ് ഞാനെന്നും പ്രപഞ്ചമെന്നും രണ്ടായി വിഭജിക്കുന്നു. രണ്ടനന്തത ഉണ്ടാവുക അസാധ്യം. അതുകൊണ്ട് ഞാനും പ്രപഞ്ചവും പരിമിതമായി കാണപ്പെടുന്നു. ഇതോടെ മനുഷ്യന്റെ കഷ്ടതകൾ ആരംഭിക്കുകയായി. കാരണം അവന് ഒരു കാലത്തും പരിമിതിയുമായി പൊരുത്തപ്പെടുവാനാകില്ല. വിരസതയും, ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നുവേണ്ട സകലമാന അസ്വസ്ഥതകളും അവന്റെ മനസ്സിൽ ചേക്കേറുന്നു. ഈശ്വരനെ അനുഭവിക്കുവാനുള്ള അടക്കാനാവാത്ത ദാഹവും അതിൽ സംഭവിക്കുന്ന പരാജയവും ഈ അസ്വസ്ഥതകളിലൂടെ പ്രതിഫലിക്കുന്നു.

ഇവിടെയാണ് അദ്വൈത ദർശനത്തിന്റെ പ്രസക്തി. കാരണം ദ്വൈതം ദുഃഖമാണ്. രണ്ടായി വിഭജിക്കപ്പെടുന്ന സത്തയെ കൂട്ടിച്ചേർത്ത് വീണ്ടും ഒന്നാക്കേണ്ടിയിരിക്കുന്നു. ഈശ്വരൻ കേവലം ആന്തരികമാണോ കേവലം ബാഹ്യമാണോ എന്ന് പറയുവാനികില്ല. അവിടെയും ഈശ്വരൻ ബാഹ്യസത്തയെന്നും ആന്തരിക സത്തയെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. ഒന്നാമതായി നാമീ കാണുന്ന പ്രപഞ്ചത്തെ ഈശ്വരനിൽ ലയിപ്പിക്കുവിൻ. പ്രപഞ്ചത്തിൽ ആകമാനം ഈശ്വരനെ കാണുവിൻ. സർവ്വചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുവിൻ. പ്രപഞ്ചം അനന്തസത്തയായി രൂപാന്തരപ്പെടട്ടെ. അതിൽ നിന്നും അനന്താനന്ദം പ്രതിഫലിക്കട്ടെ. എവിടെയും സന്തോഷവും ഐശ്വര്യവും മാത്രം. അനന്തമായ ഭാവാത്മകത. സ്നേഹം അനന്തതയിലേക്കുയരട്ടെ. സൗന്ദര്യവും അപ്രകാരം തന്നെ. ശാന്തിയും സമാധാനവും എങ്ങും പ്രസരിക്കട്ടെ. ഈശ്വരചൈതന്യം സകലതിലും പ്രകാശിക്കട്ടെ. വേദനപോലും ഒരു സുഖമായി മാറട്ടെ. ഇപ്രകാരം പ്രപഞ്ചവും ഈശ്വരനും ഒന്നാകുമ്പോൾ നിങ്ങൾ ഏറെക്കുറെ ഒരു അദ്വൈത ബോധത്തിലേക്ക് വരും. എന്നാൽ സാധന ഇവിടെയും അവസാനിക്കുന്നില്ല. കാരണം നിങ്ങളാകുന്ന സത്ത ഇനിയും അതിൽ ലയിച്ചിട്ടില്ല.

എന്റെയും നിങ്ങളുടെയും ആന്തരിക ലോകം പരിശോധിച്ചാൽ അവിടെയും ഒരുതരം ദ്വൈതം കാണുവാൻ കഴിയും. ‘ഞാൻ ചിന്തിക്കുന്നു’. സ്വന്തം സത്ത രണ്ടായി പിരിഞ്ഞ് പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണല്ലോ ചിന്ത സംഭവിക്കുന്നത്. ആന്തരിക സംഘർഷം എങ്ങനെയാണ് ഉണ്ടാകുന്നത്? രണ്ടായി പിരിയുന്ന ആത്മസത്ത പരസ്പരം കലഹിക്കുമ്പോഴാണല്ലോ അത് സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ രണ്ടു സത്തകൾ ഉണ്ടാകുന്നത് എങ്ങനെ? ഒന്നാമത്തേത് ആത്മാവ്; രണ്ടാമത്തേത് (മനുഷ്യ) പ്രകൃതി. ഇതിൽ, പ്രകൃതിയെന്ന് പറയപ്പെടുന്ന സത്തയിൽ അഹവും, മനസ്സും, ബുദ്ധിയും, ശരീരവും ഉൾപ്പെടുന്നു. മനുഷ്യപ്രകൃതിയെ മനുഷ്യാത്മാവിൽ ലയിപ്പിക്കുവിൻ! നിങ്ങൾ, നിങ്ങളിൽ തന്നെ ലയിച്ചു ചേരുവിൻ. ഏതാണ് പ്രകൃതി എന്നും ഏതാണ് ആത്മാവ് എന്നും വേർതിരിവ് വേണ്ട. രണ്ടും ഒന്നാകട്ടെ! അവിടെ ചിന്തകൾ നിലക്കുന്നു; ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു; മനോസംഘർഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്നു; ഈഗോയും മനസ്സും തിരോഭവിക്കുന്നു. നിങ്ങൾ ഈശ്വരനായി മാറുന്നു. അവിടെ പരമമായ ശാന്തി കളിയാടുന്നു.

ഇപ്രകാരം നിങ്ങൾ ആന്തരിക ലോകത്തും ബാഹ്യലോകത്തും ഈശ്വരനെ തന്നെ ദർശിക്കുന്നു. ഈശ്വരൻ ലണ്ടില്ല, ഒന്നേയുള്ളൂവെന്ന് നമുക്കറിവുള്ള കാര്യമാണല്ലോ. ക്രമേണ ആന്തരിക സത്തയും ബാഹ്യസത്തയും ഒന്നായി മാറിക്കൊള്ളും. അവിടെ നിങ്ങൾ ആത്മസാക്ഷാത്കാരത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും ഈശ്വരൻ മാത്രം. രണ്ടാമതൊന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാകുന്ന സത്തകളെ കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന പ്രക്രിയയാണ് മുകളിൽ പ്രതിപാദിച്ചത്. അതുപോലെ തന്നെ രണ്ടു സത്തകൾ ഉള്ളതിൽ ഒന്നിനെ സ്വീകരിച്ച് മറ്റതിനെ തള്ളിക്കളഞ്ഞുകൊണ്ടും നമുക്ക് നമുക്ക് അദ്വൈത ബോധത്തിലേക്ക് വരുവാൻ കഴിയും. ഇവിടെ സത്യമായതിനെ സ്വീകരിക്കുന്നു; മിഥ്യയായതിനെ തള്ളിക്കളയുന്നു. ഏതാണ് സത്യം? ഏതാണ് മിഥ്യ? സത്യം ശുദ്ധ ചൈതന്യവും മിഥ്യ പ്രകൃതിയുമാണ്. ഇവിടെ മിഥ്യയെ തള്ളിക്കളയണമെങ്കിൽ അത് മിഥ്യാണെന്നതിന് തെളിവ് ഹാജരാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മിഥ്യയാണെന്ന് തെളിയിക്കുന്നത് എത്രയോ ദുഷ്കരം! നൂറു പേർ പരിശ്രമിച്ചാൽ ഒരാൾ പോലും അതിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാത്രവുമല്ല കടിച്ചാൽ പൊട്ടാത്ത ഈ ആശയം സമൂഹമനസ്സിൽ (cosmic mind) സൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. പ്രകൃതി മായയാണെന്നും അതിനെ തള്ളിക്കളയണമെന്നും ഉള്ള വാദം (മായാവാദം) സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം മായയാണെങ്കിൽ പിന്നെ എന്തിനുവേണ്ടി ജീവിക്കണം? പണിയെടുക്കണം? സാഹസികതയ്ക്കും സ്നേഹത്തിനും എന്തർത്ഥമാണിവിടെ? ഒരു കാലത്ത് സാമ്പത്തിക രംഗത്ത് ഭാരതം ഗുരുതരമായി പിന്നോക്കം പോയതിനു കാരണവും മറ്റൊന്നുമല്ല. പ്രൗഢഗംഭീരമായ ഒരു തത്വചിന്ത വിളയാടുന്ന ഈ ദേശം തമസ്സിലേക്ക് വീണതെങ്ങിനെ? ബ്രിട്ടീഷ് അധിനിവേശവും പാശ്ചാത്യ ചിന്തയുടെ സ്വാധീനവും നിമിത്തം നാമതിൽനിന്നും കരകയറിക്കൊണ്ടിരിക്കുന്നു. ഇനിയും നാം കൂടുതൽ ജീവിതോത്മുഖരാകേണ്ടിയിരിക്കുന്നു. ജീവിതം ആസ്വദിക്കുന്നത് ഒരു പാപമല്ലെന്നും അത് പരമമായ ഈശ്വരപൂജയാണെന്നും നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120