ലിങ്കൺഷെയർ – യൂറോപ്പിലെ പ്രാദേശിക വാദത്തിന് യുകെയിൽ ഇത്തവണ ഇരയായത് മലയാളി നേഴ്സ് ട്വിങ്കിൾ സാമും കുടുംബവും. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1, 2025 ന് വൈകിട്ട് 7:30ന് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
പ്രദേശവാസിയായ ഒരു ബ്രിട്ടീഷ് യുവതി ദമ്പതികളെ സമീപിക്കുകയും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തുടർന്ന് യുവതി അവരെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു എന്ന് ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
സാരമായ പരിക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെൻ്റ് അംഗത്തിൻ്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം- നിലമ്പൂർ സ്വദേശിനിയാണ് ട്വിങ്കിൾ.
Leave a Reply