ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ വിദ്യാർത്ഥി നിരവധി ബലാത്സംഗ കേസുകളിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. 28 വയസ്സുകാരനായ ചൈനീസ് പൗരനായ ഷെൻഹാവോ സോ നടത്തിയ ലൈംഗിക കുറ്റങ്ങൾ ഇതുവരെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗവേഷണ വിദ്യാർത്ഥിയായാണ് ഇയാൾ ചൈനയിൽ നിന്ന് യുകെയിൽ എത്തിയത്.
ഇയാൾ രണ്ട് സ്ത്രീകളെയും ഇതുവരെ കണ്ടെത്താനാകാത്ത എട്ട് പേരെയും ആക്രമിച്ചതായി ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണ കണ്ടെത്തി . എന്നാൽ 50 ഓളം ഇരകൾ കൂടി ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സോവിൻ്റെ ഇരകളെ കണ്ടെത്താൻ മെറ്റ് പോലീസ് ഒരു അപ്പീൽ ആരംഭിച്ചിട്ടുണ്ട് . മയക്കുമരുന്ന് നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചതു കൊണ്ട് പലർക്കും അവരെ ബലാത്സംഗം ചെയ്തെന്നു പോലും അറിയാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് മെറ്റ് പോലീസിൻ്റെ സിഡിആർ കെവിൻ സൗത്ത്വർത്ത് പറഞ്ഞു.
വിവിധ ബലാത്സംഗ കേസുകൾ കൂടാതെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വോയൂറിസം, അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. 2019 നും 2024 നും ഇടയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ച വസ്തുക്കൾ മെറ്റ് പോലീസ് ഇയാളുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് ബലാൽസംഗങ്ങൾ നടന്നത് കോവിഡിന്റെ സമയത്ത് ചൈനയിൽ വച്ചാണ്. ഇയാൾ സൂക്ഷിച്ചിരുന്ന വീഡിയോകളാണ് ഈ കുറ്റകൃത്യങ്ങൾക്ക് തെളിവായി പോലീസിന് ലഭിച്ചത് . എന്നാൽ ഈ ഇരകളെ ഇതുവരെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലണ്ടനിലാണ് നാല് ബലാത്സംഗങ്ങൾ നടന്നത്. രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞ് തെളിവെടുത്തു കഴിഞ്ഞു .
Leave a Reply