ന്യൂസ് ഡെസ്ക് മലയാളം യുകെ

സാക്ഷാ ബാരൻ കോഹൻ, കാരി മുല്ലിഗൻ, ഒലിവിയ കോൾമാൻ, ഡാനിയൽ കലൂയാ, സർ ആന്റണി ഹോപ് കിൻസ് എന്നിവരാണ് ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് താരങ്ങൾ. വനീസ കിർബി, ഗാരി ഓൾഡ്മാൻ, റിസ് അഹമ്മദ് എന്നിവരാണ് യുകെയിൽ നിന്ന് നോമിനേഷൻ ലഭിച്ച മറ്റുള്ളവർ.
ഇത്തവണത്തെ നോമിനേഷൻ ലഭിച്ചിരിക്കുന്ന 20 അഭിനേതാക്കളിൽ 9 പേരും എത്നിക് മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ടു വനിതകളുടെ പേരുകളും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ട് വനിതകളെ നോമിനേറ്റ് ചെയ്യുന്നത്.

ഇത്തവണ 25 ഏപ്രിലിൽ നടത്തുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. സാധാരണ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിലും, ലോസ് ആഞ്ചലസിലെ മെയിൻ റെയിൽവേ ഹബ്ബ്, യൂണിയൻ സ്റ്റേഷനിലുമായാണ് ചടങ്ങുകൾ നടക്കുക.

10 നോമിനേഷനുകളുമായി മാങ്ക് മുന്നിലുണ്ട്. ദ് ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മിശിഹാ, മിനാറി, നൊമാഡ് ലാൻഡ്,സൗണ്ട് ഓഫ് മെറ്റൽ, ദ ട്രയൽ ഓഫ് ചിക്കാഗോ സെവൻ എന്നിവയ്ക്ക് 6 നോമിനേഷനുകൾ വീതം ഉണ്ട്. 83 വയസ്സുള്ള സർ ആന്റണി നോമിനിസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അഹമ്മദ് പാകിസ്ഥാൻ വേരുകളുള്ള നടനാണ് എന്നതും, മികച്ച നടനുള്ള അവാർഡ് നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ മുസ്ലിം നടനാണ് എന്നതും ശ്രദ്ധേയമാണ്. നാല്പത്തി മൂന്നാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ച ബോസ് മാൻ അവസാനമായി അഭിനയിച്ച റോളിനും നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അവാർഡിനർഹനായാൽ മരണശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറും.