ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സിൽ യുകെ മലയാളി മരണമടഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കൽ ഹരിദാസ് ആണ് മരണമടഞ്ഞത്. 32 വയസ്സുകാരനായ അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവർഷം മുമ്പ് യുകെയിൽ എത്തിയ അനീഷ് ലീഡ്സിൽ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ്.
അനീഷിന്റെ മരണവാർത്ത കടുത്ത ഞെട്ടലാണ് യുകെ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിൻ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ വിവരം അറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം നാട്ടിലെത്തിച്ച് ചടങ്ങുകൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അനീഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply