എ ലെവൽ പരീക്ഷയിൽ മികച്ച വിജയം വരിച്ച് ലിവർപൂളിൽ നിന്നുള്ള മിലൻ ടോം യുകെയിലെ മലയാളികളുടെ അഭിമാന താരമായി. ലിവർപൂളിലെ ബ്ലൂ കോട്ട് ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മിലൻ ടോമിന് 5 വിഷയങ്ങൾക്കും എ സ്റ്റാർ ലഭിച്ചു. നേരത്തെ ജിസിഎസ്ഇ പരീക്ഷയിലും മിലൻ എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം കൈവരിച്ചിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചർച്ച് ഹിൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നതെന്ന് മിലൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ടോം തോമസ് വാളംപറമ്പിലിന്റെയും റിത്തിമോൾ ടോമിന്റെയും മകനാണ് മിലൻ . മിലന്റെ ജേഷ്ഠ സഹോദരനായ മിൽട്ടൺ ടോം ബിരുദാനന്തര ബിരുദ പഠനത്തിനായി ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ചേർന്നിരിക്കുകയാണ്. മിൽട്ടൺ ടോം ബിടെക് എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ സർവ്വകലാശാല തലത്തിൽ റാങ്ക് ജേതാവായതിന് പുറകെയാണ് ഇരട്ടി മധുരമായി മിലൻ ടോമിൻെറ ഉന്നത വിജയം എത്തിയത് .

പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് മിലൻ ടോം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കലോത്സവത്തിൽ ബൈബിൾ ക്വിസിൽ ഒട്ടേറെ തവണ മിലൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ മിലന് പഠന മികവിനുള്ള ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ലിവർപൂൾ ലിതർലാൻഡിലെ ഔവർ ലേഡി ക്യൂൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ മുൻ ട്രസ്റ്റിയായ മിലന്റെ പിതാവ് ടോം തോമസ് എൻ എച്ച് എസ് ട്രസ്റ്റിന്റെ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇ-പ്രോക്യുർമെന്റ് സപ്പോർട്ട് ഓഫീസറായി ആണ് ജോലി ചെയ്യുന്നത്. അമ്മ റിറ്റിമോൾ ടോം ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എയിൻട്രീ ഡയാലിസിസ് സെന്ററിലെ ഡെപ്യൂട്ടി മാനേജരാണ് .

മികച്ച വിജയം നേടിയ മിലൻ ടോമിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]